Hivision Channel

ടയറും വൈപ്പറും പെര്‍ഫെക്ട് ആകണം,ലൈറ്റുകളെല്ലാം വര്‍ക്കിങ് ആയിരിക്കണം; മഴക്കാല ഡ്രൈവിങ് സേഫാക്കാം

മഴക്കാലമെത്താറായി. റോഡപകടങ്ങളില്‍ ഒട്ടും പിന്നിലല്ല മഴക്കാലവും. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡു കാണാതെയും അപകടങ്ങളില്‍പ്പെടുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുകയാണെന്ന് പോലീസ് പറയുന്നു. മുന്‍കരുതലുകളെടുത്താല്‍ മഴക്കാലത്തെ റോഡപകടങ്ങള്‍ ഒഴിവാക്കാനാകും.

റോഡില്‍ വാഹനങ്ങളില്‍നിന്ന് വീഴുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കലുള്ളതാകും. അതിനാല്‍ വാഹനം പതിയെ ഓടിക്കലാണ് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും.

ശ്രദ്ധിക്കാം

  • ഹെഡ്‌ലൈറ്റ് ലോ ബീമിലാക്കി വാഹനം ഓടിക്കുക. മഴയില്‍ റോഡ് വ്യക്തമായി കാണാനും നിങ്ങളുടെ വാഹനം മറ്റുഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാനും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നത് സഹായിക്കും. വാഹനത്തില്‍ ഫോഗ്ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാം.
  • ടയറിന്റെ നിലവാരം പരിശോധിക്കുക. ടയറിന് തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയും. അലൈന്‍മെന്റും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമര്‍ദം നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം.
  • ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് യാത്രതുടങ്ങുംമുന്‍പ് പരിശോധിക്കുക.
  • വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. അവയുടെ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസ്സപ്പെടുത്തിയേക്കാം.
  • ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
  • നനവുള്ള റോഡില്‍ ബ്രേക്ക് ചെയ്താല്‍ വാഹനം നില്‍ക്കാന്‍ കൂടുതല്‍ ദൂരമെടുക്കുമെന്നതിനാല്‍ വേഗം കുറച്ച് ഓടിക്കുക.

Leave a Comment

Your email address will not be published. Required fields are marked *