
വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ യുവതി വെട്ടേറ്റുമരിച്ച സംഭവത്തില്‍, പരുക്കേറ്റ ഒന്‍പത് വയസുകാരി മകളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. പ്രവീണയെ കൊലപ്പെടുത്തിയ സുഹൃത്ത് ദിലീഷിനേയും കണ്ടെത്താനായില്ല. തിരുനെല്ലി വാകേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പ്രവീണ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്.
പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ ദിലീഷും ഒത്തായിരുന്നു താമസം. പ്രവീണയ്ക്കൊപ്പം മക്കളായ അനര്‍ഘ, അഭിന എന്നിവരും താമസിച്ചുവരികയായിരുന്നു. 14 വയസുള്ള അനര്‍ഘയ്ക്കും വെട്ടേറ്റു. ചെവിക്കും കഴുത്തിലുമാണ് അനര്‍ഘയ്ക്ക് വെട്ടേറ്റത്. അനര്‍ഘയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രവീണയെ വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
അഭിനയെയും ദിലീഷിനെയും ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തോട്ടം മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. തിരുനെല്ലി ഇന്‍സ്‌പെക്ടറിന്റേ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.














