
തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ച നടത്തിയ ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട പ്രതി മറ്റൊരു ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി ഇനി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.














