
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനം തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. പരാതിയെക്കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കണ്ണൂര്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് വാരം യുപി സ്‌കൂളിലെ അധ്യാപകരായ അഞ്ജു, ശുഭ, അര്‍ജുന്‍ എന്നിവര്‍ മന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ നിയമനം എട്ട് വര്‍ഷത്തോളമായി തടഞ്ഞുവെച്ചതായി പരാതിപ്പെട്ടത്. തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം ഉടന്‍ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി വിവരങ്ങള്‍ തേടി. 2017 മുതല്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശുഭയും 2018 മുതല്‍ ജോലി ചെയ്യുന്ന അഞ്ജു, അര്‍ജുന്‍ എന്നിവരും നിയമന പ്രശ്നം കാരണം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.














