
ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാര്‍ഷികം.1956 നവംബര്‍ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങള്‍ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങള്‍.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. വിനോദസഞ്ചാരരംഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ഗോത്ര കലകളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ വിദേശനാടുകളില്‍പ്പോലും പഠനങ്ങള്‍ നടക്കുന്നു.














