
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ലന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.
സമ്മതിദായകര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ വോട്ടെടുപ്പ് ദിവസം പോളിംഗ്സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോവുക തുടങ്ങിയവ കേരള പഞ്ചായത്ത് രാജ് ആക്ട് 120, 122, 127 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ട് 144, 146, 151 വകുപ്പുകളും പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്ര എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ വളപ്പിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യ അവസരം നല്‍കണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ്, സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യേണ്ടതാണെന്നും പെരുമാറ്റചട്ടത്തില്‍ വ്യക്തമാക്കുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനുള്ള ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ പ്രഥമ യോഗം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കണ്‍വീനര്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, അംഗങ്ങളായ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, ജില്ലാ പോലീസ് മേധാവികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു














