Hivision Channel

തദ്ദേശ തിരഞ്ഞെടുപ്പ്;രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കവേ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും പരിപൂര്‍ണ സഹകരണമുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആര്‍ കീര്‍ത്തിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സംശയനിവാരണത്തിനും പരാതികളില്‍ ഉടന്‍ പരിഹാര നടപടി പരിഹാര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതി രണ്ടു ദിവസത്തില്‍ ഒരിക്കല്‍ ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നിയമപരമാണോയെന്ന് ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക് നമ്പറില്‍ (8281264764, 04972941299) ബന്ധപ്പെടാം. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ 9447979150 എന്ന നമ്പറില്‍ തന്നെ ബന്ധപ്പെടാമെന്നും ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് കൂടിക്കാഴ്ച നടത്താവുന്നതാണെന്നും പൊതുനിരീക്ഷക പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചെലവ് വരുത്തുന്നത് അയോഗ്യതക്ക് കാരണമാകുമെന്ന് ചെലവ് നിരീക്ഷകര്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ഒന്നര ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്ന തുക. സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രചരണങ്ങള്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടും. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളെ കമ്മീഷന്‍ അയോഗ്യരാക്കുമെന്നും അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്നും പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കണ്ടാല്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് പറഞ്ഞു. ഉത്സവകാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. പ്രചരണത്തില്‍ സംയമനം പാലിക്കണം. യോഗങ്ങളും റാലികളും നടത്തുന്നതിന് പൊലീസില്‍ നിന്നും വരണാധികാരിയില്‍ നിന്നും മുന്‍കൂര്‍ അനുമതി എടുക്കണം. തിരഞ്ഞെടുപ്പ് സമാധാനപരമാകേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും പെരുമാറ്റച്ചട്ട നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അണികളിലേക്കും എത്തിക്കമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ പറഞ്ഞു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആര്‍ കീര്‍ത്തി, അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദാ മുഫസിര്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍, എ ഡി എം കലാ ഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പ്രകാശന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ പി തോമസ്, അഡ്വ. എം.പി മുഹമ്മദ് അലി, മഹമ്മൂദ് കടവത്തൂര്‍, റമീസ് ചെറുവോട്, കെ.വി പ്രശോഭ്, വിപിന്‍ തോമസ്, ബിജു ഏളക്കുഴി, കെ.എസ് സാദിഖ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *