Hivision Channel

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി

ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്‌നമുണ്ടാകും. ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പമ്പയില്‍ ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്. പമ്പയില്‍ വസ്ത്രങ്ങള്‍ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.

അതേസമയം, ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിളമ്പും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. ഇന്നലെ 97000 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ പമ്പയില്‍ നിന്നും കടത്തിവിടരുത്. വെര്‍ച്വല്‍ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുന്‍കൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങള്‍ അനുവദിക്കാനാകില്ലെന്നും തിരക്കില്‍പെട്ട് ഭക്തര്‍ക്ക് അപകടമുണ്ടായാല്‍ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനും പൊലീസിനും മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *