
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍. വൈകുന്നേരം അഞ്ചു മണി മുതല്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബര്‍ 26 ന് മുപ്പതിനായിരം പേര്‍ക്കും ഡിസംബര്‍ 27 ന് 35,000 പേര്‍ക്കും അവസരം ലഭിക്കും. സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം ഈ ദിവസങ്ങളില്‍ അനുവദിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ് നായര്‍ ഐഎഎസ്. സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദര്‍ശനം ഉറപ്പാക്കുന്നതിനും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളില്‍ തന്നെ ഭക്തര്‍ ദര്‍ശനത്തിനെത്താന്‍ ശ്രദ്ധിക്കണം.
ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, വയോധികര്‍, ചെറിയ കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിര്‍ദ്ദേശിച്ചു. കാനനപാതയില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായവും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവില്‍ വനപാലകരും അഗ്‌നിശമനസേനയും എന്‍ ഡി ആര്‍ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയില്‍ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.
നിലവില്‍ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.














