
കണ്ണൂര്‍:വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകള്‍ സജ്ജം. 20 വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകള്‍ സജ്ജീകരിച്ചു.
ഡിസംബര്‍ 10 ബുധനാഴ്ച രാവിലെ എട്ടു മണി മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വിതരണകേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍, തിരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആര്‍.കീര്‍ത്തി, അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസ്സിര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളില്‍ അതാത് ബൂത്തുകളില്‍ എത്തിച്ചത്.
കണ്ണൂര്‍ കോര്‍പറേഷനിലെ 56 വാര്‍ഡുകളിലെ 155 ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 56 കൗണ്ടറുകളില്‍ നിന്ന് വിതരണം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മനോഹരന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ.എസ്. അജിമോന്‍ എന്നിവരാണ് വരണാധികാരികള്‍.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 162 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ പയ്യന്നൂര്‍ കോളേജ് എടാട്ടില്‍ നിന്നും 18 കൗണ്ടറുകളില്‍ നിന്നായി വിതരണം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് എരിപുരം മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു.
തലശ്ശേരി : തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാനൂര്‍ : മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ , എടക്കാട്: എളയാവൂര്‍ സി.എച്ച്. എം.എച്ച്.എസ്.എസ്, കണ്ണൂര്‍: പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജ്, തളിപ്പറമ്പ് : തളിപ്പറമ്പ് സര്‍ സയ്യിദ് എച്ച്.എസ്.എസ്, പേരാവൂര്‍: സെന്റ്.ജോസഫ് യു.പി.എസ് തൊണ്ടിയില്‍ എന്നിവയാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്ത കേന്ദ്രങ്ങള്‍.
ആന്തൂര്‍ നഗരസഭയുടെ 24 വാര്‍ഡുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആറ് കൗണ്ടറുകളില്‍ നിന്നായി വിതരണം ചെയ്തു. 29 വാര്‍ഡുകളിലെ അഞ്ചു വാര്‍ഡുകളില്‍ നിന്ന് നേരത്തെ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 53 വാര്‍ഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തലശ്ശേരി സാന്‍ ജോസ് മെട്രോപോളിന്‍ സ്‌കൂളില്‍ നിന്നും വിതരണം ചെയ്തു. എട്ട് കൗണ്ടറുകളില്‍ നിന്നായാണ് 64 ബൂത്തുകളിലേക്കുള്ളവ വിതരണം ചെയ്തത്.
ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതല്‍ 31 വരെ വാര്‍ഡുകള്‍: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതല്‍ 53 വരെ വാര്‍ഡുകള്‍: സാന്റ് ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂള്‍, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതല്‍ 35 വരെ വാര്‍ഡുകള്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, പയ്യന്നൂര്‍ നഗരസഭയുടെ ഒന്ന് മുതല്‍ 23 വരെയും 24 മുതല്‍ 46 വരെയും വാര്‍ഡുകള്‍: പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്), കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതല്‍ 29 വരെ വാര്‍ഡുകള്‍: കൂത്തുപറമ്പ് നിര്‍മ്മലഗിരി റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാനൂര്‍ നഗരസഭയുടെ ഒന്നു മുതല്‍ 21 വരെയും 22 മുതല്‍ 41 വരെയും വാര്‍ഡുകള്‍: പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിട്ടി നഗരസഭയുടെ ഒന്നു മുതല്‍ 34 വരെ വാര്‍ഡുകള്‍: മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു.














