Hivision Channel

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച

കണ്ണൂര്‍:ഡിസംബര്‍ 11ന് നടന്ന കണ്ണൂര്‍ ജില്ലയിലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കള്ക്്ടറേറ്റിലാണ് എണ്ണുക.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.

വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക.
സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.
വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.

ടേബിളിള്‍ വെ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ഠഞഋചഉ -ല്‍ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടിക:

  1. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്: പട്ടാനൂര്‍ കെ.പി.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നായാട്ടുപാറ.
  2. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്: സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍ തൊണ്ടിയില്‍, പേരാവൂര്‍.
  3. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്: എളയാവൂര്‍ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
  4. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
  5. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്: കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജ്.
  6. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്.
  7. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
  8. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്: പയ്യന്നൂര്‍ കോളേജ്, എടാട്ട് (വെസ്റ്റേണ്‍ ബ്ലോക്ക്).
  9. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്.
  10. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്: മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
  11. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: എരിപുരം മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
  12. ശ്രീകണ്ഠപുരം നഗരസഭ: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
  13. തലശ്ശേരി നഗരസഭ: സാന്റ് ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂള്‍, തലശ്ശേരി.
  14. തളിപ്പറമ്പ് നഗരസഭ: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്
    15.പയ്യന്നൂര്‍ നഗരസഭ: പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
  15. ആന്തൂര്‍ നഗരസഭ: കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ,് മാങ്ങാട്ടുപറമ്പ്.
  16. കൂത്തുപറമ്പ് നഗരസഭ: കൂത്തുപറമ്പ് നിര്‍മ്മലഗിരി റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
  17. പാനൂര്‍ നഗരസഭ: പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
  18. ഇരിട്ടി നഗരസഭ: മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി.
  19. കണ്ണൂര്‍ കോര്‍പ്പറേഷന്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
    (സ്പോര്‍ട്സ് സ്‌കൂള്‍).

Leave a Comment

Your email address will not be published. Required fields are marked *