
യാത്രയ്ക്കിടയില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൃത്തിയുള്ള ശുചിമുറികള്‍. എന്നാല്‍ അതിനൊരു പരിഹാരമായി ‘ക്ലൂ ആപ്പ്’പുറത്തിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പബ്ലിക്ക് ടോയ്ലറ്റുകള്‍ , സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ടോയ്ലറ്റുകള്‍ തുടങ്ങി മികച്ച നിലവാരം പുലര്‍ത്തുന്ന ശുചിമുറികള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. ശുചിത്വ മിഷന്‍ നിശ്ചയിച്ച മാനദണ്ഡത്തിലുള്ള മികച്ച റേറ്റിംഗ് നല്‍കിയിട്ടുളള ടോയലറ്റുകളെയാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് സമീപമുള്ള ശുചിമുറികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ശുചിമുറിയുടെ പ്രവര്‍ത്തന സമയവും, പാര്‍ക്കിങ് സൗകര്യവും ആപ്പിലൂടെ അറിയാനാകും.














