Hivision Channel

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: അര്‍ഹരായ ഒരാള്‍ പോലും പുറത്താവില്ല-നിരീക്ഷകന്‍ എം.ജി. രാജമാണിക്യം

കണ്ണൂര്‍:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് കരുതി അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് റവന്യു സെക്രട്ടറിയും വോട്ടര്‍ പട്ടിക നിരീക്ഷകനുമായ എം.ജി രാജമാണിക്യം പറഞ്ഞു. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ എം.എല്‍.എമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) സംബന്ധിച്ച് നിരവധി ആശങ്കകള്‍ ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ ഇവ അടിസ്ഥാന രഹിതമാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കിയ ഫോമുകള്‍ കൃത്യമായി പൂരിപ്പിച്ച് തിരികെ നല്‍കാത്തവര്‍, വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെയുള്ളവരാണ് കരട് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്. ഹിയറിങ്ങിനു വിളിച്ച് മതിയായ രേഖകള്‍ ഹാജരാക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രവാസികള്‍ ഫോം-6 ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയാല്‍ ബന്ധുക്കള്‍ക്ക് ഹിയറിങ്ങിനു ഹാജരാകാം. കൂടാതെ കിടപ്പുരോഗികളായവര്‍ക്ക് പകരം ബന്ധുക്കള്‍ ഹിയറിങ്ങിന് ഹാജരായാലും മതിയാകും-അദ്ദേഹം പറഞ്ഞു.

സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപ്പോയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ എണ്ണം ജില്ലയുടെ ശരാശരിയേക്കാള്‍ കൂടിയ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികപുതുക്കല്‍ നടപടിക്രമങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് മണ്ഡലത്തില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണെന്നും ഇതില്‍ വിശദമായ പരിശോധന വേണമെന്നും കെ.വി. സുമേഷ് എം.എല്‍.എ നിര്‍ദേശിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ ക്രമീകരണത്തില്‍ വോട്ടര്‍മാരുടെ സൗകര്യം കൂടി പരിഗണിക്കണമെന്ന് കെ.പി. മോഹനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ഒരു വീട്ടിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പേരുകള്‍ക്ക് അടുത്തടുത്ത ക്രമനമ്പറുകള്‍ നല്‍കുക, പുതിയതായി വോട്ട് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കുക, നോ മാപ്പിങ് ലിസ്റ്റ് ബി.എല്‍.എ മാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുക, പ്രവാസി വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, ആറളം ഫാം ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഹിയറിങ്ങിനു ഹാജരാകേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇതിനുള്ള സംവിധാനം ഒരുക്കുക, ഫ്ളാറ്റുകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൂട്ടത്തോടെ വോട്ട് ചേര്‍ക്കാനുള്ള നീക്കങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു.

ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.എസ്. അനീഷ്, കെ.വി. ശ്രുതി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *