
കണ്ണൂര്‍:ജില്ലയില്‍ 307 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിച്ചതായും ഇതുള്‍പ്പെടെ ആകെയുള്ള 2177 പോളിംഗ് സ്റ്റേഷനുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വള്‍നറബിലിറ്റി മാപ്പിംഗ് നടത്തുമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ബിഎല്‍എമാരെ നിയമിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടപടി സ്വീകരിക്കണം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1858 പോളിംഗ് സ്റ്റേഷനുകളായിരുന്നു. ഇതില്‍ 53 ക്രിട്ടിക്കല്‍ ബൂത്തുകളും 132 വള്‍നറബിള്‍ ബൂത്തുകളും ഉണ്ടായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1860 പോളിംഗ് സ്റ്റേഷനുകളായിരുന്നു. ഇതില്‍ 420 ക്രിട്ടിക്കല്‍ ബൂത്തുകളും 121 വള്‍നറബിള്‍ ബൂത്തുകളുമാണ് ഉണ്ടായിരുന്നത്.
മുഴുവന്‍ ബൂത്തുകളുടെയും ക്രമസമാധാനനില പരിശോധിച്ച് ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകള്‍ കണ്ടെത്തി മാനദണ്ഡപ്രകാരം പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. വള്‍നറബിലിറ്റി മാപ്പിംഗ് നടത്തുന്നതിന്റെ ഭാഗമായി സെക്ടര്‍ ഓഫീസര്‍മാരുടെ നിയമനം അടിയന്തിരമായി നടത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
വില്ലേജ് അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ, റൂറല്‍ എസ്പി അനൂജ് പലിവാല്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ കെ ബിനി, രാഷ്ട്രീയ കക്ഷി നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, അന്‍സാരി തില്ലങ്കേരി, ടി.സി മനോജ്, ജോണ്‍സണ്‍ പി തോമസ്, അനീഷ് കുമാര്‍, വെള്ളോറ രാജന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.














