Hivision Channel

ക്വാളിറ്റി കെയര്‍ ഇന്ത്യ – ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ ഉത്തരവിട്ട് എന്‍സിഎല്‍ടി

• ലയനത്തിന് അംഗീകാരം നേടുന്നതിന് മുന്നോടിയായി ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിക്കണമെന്ന് എന്‍സിഎല്‍ടി

• ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും (സി.സി.ഐ) സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.

• ലയനശേഷം ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്’ രാജ്യത്തുടനീളം 10,360ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും.

ബംഗളൂരു, ജനുവരി 23, 2026: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളില്‍ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അണ്‍സെക്യൂര്‍ഡ് ട്രേഡ് ക്രെഡിറ്റേഴ്‌സിന്റെയും യോഗം വിളിച്ചുചേര്‍ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാര്‍ച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.

ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) അംഗീകാരവും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ‘നോ ഒബ്ജക്ഷന്‍’ സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികള്‍ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആസ്റ്റര്‍ പ്രൊമോട്ടര്‍മാരും ബ്ലാക്ക്സ്റ്റോണും ചേര്‍ന്നായിരിക്കും ലയനശേഷം നിലവില്‍ വരുന്ന ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍’ എന്ന സ്ഥാപനത്തെ നയിക്കുന്നത്. രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.

ലയന നടപടികളില്‍ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയില്‍ വലിയ സന്തോഷവും പൂര്‍ണതൃപ്തിയുമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. എന്‍സിഎല്‍ടി ഉത്തരവ് പ്രകാരം നടക്കാനിരിക്കുന്ന യോഗത്തില്‍ ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അവശേഷിക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്ററിന്റെയും ക്വാളിറ്റി കെയറിന്റെയും വിപുലമായ ആശുപത്രി ശൃംഖലകളും ചികിത്സാ വൈദഗ്ധ്യവും പ്രവര്‍ത്തനമികവും ഒന്നിപ്പിച്ചുകൊണ്ട് കരുത്തുറ്റ രീതിയില്‍ മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. കാര്യക്ഷമമായ വളര്‍ച്ചയ്ക്കും വൈദ്യശാസ്ത്ര മികവുയര്‍ത്താനും ഏറ്റവും പുതിയ ചികിത്സാരീതികള്‍ വേഗത്തില്‍ അവതരിപ്പിക്കാനും ഈ ലയനം വഴിയൊരുക്കും. ഭാവിയിലെ വെല്ലുവിളികള്‍ സധൈര്യം നേരിടാന്‍ കരുത്തുള്ള ബൃഹത്തായ ഒരു ആരോഗ്യസ്ഥാപനമായി വളരാന്‍ പുതിയ കമ്പനിക്ക് കഴിയുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും പെട്ടെന്നുള്ള രോഗമുക്തിയും ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ലഭ്യമാക്കാനും ഈ നീക്കം ഞങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’

ഇരു സ്ഥാപനങ്ങളും ലയിപ്പിച്ചു രൂപീകരിക്കുന്ന ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്’ കീഴില്‍ ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ് ഹെല്‍ത്ത്, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകള്‍ ഉണ്ടായിരിക്കും. 2025 സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന് 5,195ലധികം രോഗികളെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും കിടത്തി ചികില്‌സിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂര്‍ത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ സംഖ്യ 14,715 ആയി ഉയര്‍ത്താനും ഉദ്ദേശിക്കുന്നുണ്ട്. ഈ വലിയ ശൃംഖലയിലൂടെ അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമുകളിലും കൂടുതല്‍ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നു. തടസങ്ങളില്ലാത്ത, ലോകോത്തര ചികിത്സാനുഭവം രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്കാന്‍ പുതുതായി നിലവില്‍ വരുന്ന സംയുക്ത ആശുപത്രി ശൃംഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *