Hivision Channel

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡീപ്‌ഫേക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളെ സംരക്ഷിക്കുന്നതിനായി നിയന്ത്രണം ആവശ്യമാണ്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ ആരംഭിച്ചതായും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. നിയമം നിലവില്‍ വന്നാല്‍ നെറ്റ്ഫ്‌ലിക്സ്, യൂട്യൂബ്, മെറ്റ, എക്സ് ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സോഷ്യല്‍ മീഡിയ ആക്സസ് ചെയ്യുന്നതില്‍ നിന്ന് കുട്ടികളെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയില്‍ ഇല്ല,എന്നാല്‍ ദിനംപ്രതി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഏത് തരത്തിലുള്ള സുരക്ഷയാണ് ഒരുക്കേണ്ടതെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പാര്‍ലമെന്ററി കമ്മിറ്റിയും വിഷയത്തെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ലോകത്ത് ആദ്യമായി കുട്ടികളില്‍ സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ തീരുമാനം രാജ്യത്തും എത്തിക്കാനാണ് ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്ട്രേലിയയുടെ സോഷ്യല്‍ മീഡിയ നിരോധനത്തെ പിന്തുടരാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *