Hivision Channel

സംസ്ഥാനത്ത് ഉയര്‍ന്ന താപനില നില മുന്നറിയിപ്പ് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഉയര്‍ന്ന താപനില നില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിര്‍ദേശമുള്ളത്. മാര്‍ച്ച് 22 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ത്ഥസെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരും.

കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം.

രാവിലെ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

Leave a Comment

Your email address will not be published. Required fields are marked *