
തൃശൂര്‍: പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തുവര്‍ഷം മുന്‍പ് 2015 ജൂലൈ 24-നാണ് ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന് ഹൃദയം മാറ്റിവെച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അച്ചാടന് 47-ാം വയസിലാണ് ഹൃദയം മാറ്റിവെച്ചത്. തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് വെച്ചത്. അന്ന് തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു.
അവയവദാനവും അതിനുളള സാഹചര്യങ്ങളും സൗകര്യങ്ങളും കാര്യമായി ലഭ്യമല്ലാതിരുന്ന കാലത്ത് ശസ്ത്രക്രിയ്ക്കായി ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നത് വലിയ വാര്‍ത്തയായിരുന്നു. 2015-ലാണ് മാത്യു അച്ചാടനെ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌കമരണം സംഭവിച്ച യുവ അഭിഭാഷകന്‍ നീലകണ്ഠ ശര്‍മയുടെ ഹൃദയം മാറ്റിവയ്ക്കാന്‍ തീരുമാനമാവുകയായിരുന്നു.
എന്നാല്‍ ഹൃദയം റോഡിലൂടെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് എത്തിക്കുക എന്നത് മുന്നിലെ പ്രതിസന്ധിയായി. ഇതോടെ അന്നത്തെ എംഎല്‍എ ഹൈബി ഈഡന്‍ വഴി ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയോടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ നല്‍കാന്‍ നേവി തീരുമാനിക്കുകയായിരുന്നു. 35 മിനിറ്റ് കൊണ്ട് ഹൃദയം കൊച്ചിയില്‍ എത്തിച്ചു. കേരളത്തില്‍ വ്യോമമാര്‍ഗമുളള ആദ്യ അവയവം എത്തിക്കലായിരുന്നു അത്.














