കാര്‍ഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉല്‍പാദക കമ്പനി. ചുരുങ്ങിയ ചെലവില്‍ കര്‍ഷകര്‍ക്കാവശ്യമായ കാര്‍ഷികോപകരണങ്ങളും വിത്തും വളവും ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത് .
2018ലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കുരുമുളക് ഉത്പാദക കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഈ കൂട്ടായ്മയില്‍ നിലവില്‍ 410 കുരുമുളക് കര്‍ഷകരാണ് ഓഹരിയുടമകളായുള്ളത്. ചെറുതാഴത്തെ കുരുമുളക് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് കുരുമുളക് ഉല്പാദന കമ്പനിയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെ കുരുമുളക് തൈകള്‍ ഉത്പാദിപ്പിക്കാന്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കുരുമുളക് തൈ ഉത്പാദക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കുളപ്പുറത്തെ കമ്പനി നഴ്സറിയിലും ഗുണമേന്മയുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മിതമായ നിരക്കില്‍ വളങ്ങള്‍, വിത്തുകള്‍, ചെടികള്‍, മണ്ണ് പോഷണത്തിനാവശ്യമായ ഘടകങ്ങള്‍, കുമ്മായം, ജൈവവളം എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. 45 ടണ്‍ ജൈവവളമാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും വിതരണം ചെയ്തത്. കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്ന ഈ കൂട്ടായ്മക്ക് 2021-22ല്‍ 44 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവ് ഉണ്ടായി. മുന്‍വര്‍ഷങ്ങളെക്കാളും ഇരട്ടിയിലധികമായിരുന്നു ഈ നേട്ടം.
കുരുമുളകിന് പുറമെ മഞ്ഞള്‍, ഇഞ്ചി, പച്ചക്കറിത്തൈകള്‍, പൂക്കള്‍ എന്നിവയും ഇവിടെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. മഴമറ, മാതൃതല യൂണിറ്റുകള്‍ക്ക് ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയാണ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. പുതിയ തോട്ടങ്ങള്‍ ഒരുക്കാനും പരിപാലിക്കാനും പരിശീലനം നേടിയ ടെക്‌നിഷ്യന്മാരുണ്ട്. കമ്പനിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്നു ഗ്രാമശ്രീ കര്‍ഷക കര്‍ഷകോല്‍പ്പാദക വിപണന കേന്ദ്രം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഒരുക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെയും കര്‍ഷക കൂട്ടായ്മകളുടേയും മൂല്യവര്‍ധിത ഉല്‍പ്പനങ്ങളും വില്‍പ്പന നടത്തുന്നു. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന വിഷരഹിത ഉത്പന്നങ്ങള്‍, വിവിധ ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര-പുഷ്പ ചെടികള്‍, തൈകള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. കുരുമുളക്, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തുന്നുമുണ്ട്. കമ്പനിയുടെ നേതൃത്വത്തില്‍ പ്രോസസിംഗ് -ഗ്രേഡിംഗ് യൂണിറ്റ് ആരംഭിച്ച് കൂടുതല്‍ കാര്‍ഷിക മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞു. നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം ചെറുതാഴം കൃഷി ഭവന്‍ എന്നിവയാണ് ആവശ്യമായ പിന്തുണ നല്‍കുന്നത്.