Hivision Channel

സാക്ഷരതയില്‍ നൂറ് ശതമാനം കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന് സുപ്രീം കോടതി

അധ്യാപകരുടെ നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കും,സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിന് എതിരായി എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.2015 ല്‍ നല്‍കിയ ഹര്‍ജിയില്‍ ഇനി കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോണ്‍വൊക്കേഷനല്‍ അധ്യാപകരുടെയും ഗുണ നിലവാരം ഉയര്‍ത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ യോഗ്യതാ നിര്‍ണയ പരീക്ഷ ഏര്‍പ്പെടുത്തിയത്.
യോഗ്യത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് അധ്യാപക നിയമനം ലഭിക്കുക.യോഗ്യത പരീക്ഷ വിജയിക്കണമെങ്കില്‍ പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 50% മിനിമം മാര്‍ക്ക് വേണം.

എന്നാല്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 45% ശതമാനം മാര്‍ക്കും ലഭിച്ചാല്‍ പരീക്ഷ വിജയിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനവും, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 40 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ വിജയിക്കാം. പരീക്ഷ വിജയിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം എന്ന് ആരോപിച്ചാണ് എന്‍എസ്എസ് ഹര്‍ജി നല്‍കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *