Hivision Channel

അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 2026ഓടെ 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം-അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2026ഓടെ സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം തൊഴിലവസരങ്ങളാണ് ഉദ്ദേശിക്കുന്നത്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും നൈപുണ്യ പരിശീലനം വിപുലീകരിച്ച് നൂതന വ്യവസായങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.നൈപുണ്യമുള്ള തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കാനാണ് അസാപ് പോലുള്ള സ്ഥാപനങ്ങളിലൂടെ ശ്രമിക്കുന്നത്. ഇതേവരെ രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് അസാപ് പരിശീലനം നല്‍കി. നൈപുണ്യ പരിശീലനം എല്ലാവര്‍ക്കും ലഭ്യമാക്കിയാലേ സമഗ്ര വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനാവൂ.
വിദ്യാര്‍ഥികള്‍ക്കാണ് അസാപിന്റെ സേവനങ്ങള്‍ ഇതേവരെ ലഭ്യമായിരുന്നത്. കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ അത് പൊതുസമൂഹത്തിന് കൂടി ലഭ്യമാവുകയാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നമ്മുടെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. വിജ്ഞാന വിതരണത്തിനൊപ്പം അതിന്റെ തുടര്‍ച്ച കൂടി വേണം. ലഭിക്കുന്ന അറിവുകള്‍ വ്യാവസായിക മുന്നേറ്റത്തിന് സഹായകമാവണം. ആ നിലയിലേക്ക് പാഠ്യപദ്ധതിയും പഠന സംവിധാനവുമെല്ലാം രൂപപ്പെടണം.
വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച സ്റ്റാര്‍ട്ടിംഗ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനം എന്ന പദവി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തെയാണ് തേടിയെത്തുന്നത്. വ്യവസായിക രംഗത്ത് കേരളം മുന്നേറുന്നുവെന്നാണിത് കാണിക്കുന്നത്. നല്ല നിലയിലുള്ള വ്യാവസായിക നിക്ഷേപങ്ങള്‍ നാട്ടില്‍ എത്തിച്ചേരേണ്ടതുണ്ട്. നൈപുണ്യം സിദ്ധിച്ച തൊഴില്‍സേന ഇവിടെ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.
പാലയാട് അസാപ് സെന്ററില്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ കോഴ്സുകളിലേക്ക് അംഗീകൃത മാനദണ്ഡം അനുസരിച്ചുള്ള പരിശീലനം ഉണ്ടാകും. പൊതുസമൂഹത്തെ പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക യൂനിറ്റ് ഉണ്ടാവും. ആഗോള വ്യവസായിക വികസനത്തിന് സഹായകമാവുന്ന പരിശീലന പരിപാടികള്‍ ഇവിടെ ഉണ്ടാവും. 3780 ചതുരശ്ര അടിയില്‍ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് മൂന്നുനില കെട്ടിടം. ഈ സ്‌കില്‍ പാര്‍ക്ക് കേരളത്തിലെ 16 സ്‌കില്‍ പാര്‍ക്കുകളില്‍ ഏറ്റവും വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷയായി. അഭ്യസ്തവിദ്യരായ വിദ്യാര്‍ഥികളെ സംബന്ധിച്ച് തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ നിലനില്‍ക്കുന്ന വിടവ് സ്‌കില്‍ ഗ്യാപ് ആണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നൈപുണ്യ വികസനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 133 ആധുനിക സ്‌കില്‍ കോഴ്സുകള്‍ അസാപ് നല്‍കുന്നതായും മന്ത്രി പറഞ്ഞു.
ഡോ. വി ശിവദാസന്‍ എം പി വിശിഷ്ടാതിഥിയായി. അസാപ് ചെയര്‍പേഴ്സന്‍ ആന്‍ഡ് എംഡി ഉഷ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എന്‍ ടി ടി എഫ് മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍ രഘുരാജ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ രവി, കെ എസ് ഐ ടി ഐ എല്‍ എംഡി ഡോ. സന്തോഷ് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു നങ്ങാരത്ത്, ഗ്രാമപഞ്ചായത്തംഗം കെ പ്രീത, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട്ട്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, എന്‍ടിടിഎഫ് ഡെപ്യൂട്ടി എംഡി ബി വി സുദര്‍ശനന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *