Hivision Channel

മാലിന്യ സംസ്‌ക്കരണം നവകേരള ലക്ഷ്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി: മന്ത്രി എം ബി രാജേഷ്

നവകേരളം എന്ന ലക്ഷ്യത്തിലെത്തുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്‌ക്കരണമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഖരമാലിന്യ സംസ്‌ക്കരണം ഡിജിറ്റലൈസേഷന്റെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെ ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ കാണിക്കുന്ന ശ്രദ്ധ പരിസരത്തില്‍ ശുചിത്വത്തില്‍ കാണിക്കാറില്ല. ഒട്ടും ദുര്‍ഗന്ധമില്ലാതെ മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു. പക്ഷേ ജനങ്ങളില്‍ ഇത്തരം കാരങ്ങളില്‍ അവബോധമില്ല. ഉറവിട മാലിന്യ സംസ്‌കരണ സംസ്‌ക്കാരം പൊതുജനം ഏറ്റെടുക്കണം. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഹാക്കത്തോണ്‍ നടത്തും. ജനങ്ങള്‍ക്ക് മുമ്പ് ജനപ്രതിനിധികളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അതി വിദൂരമല്ലാത്ത ദുരന്തങ്ങളെ വിളിച്ചു വരുത്തുകയാന്നെന്നും അദ്ദേഹം പറഞ്ഞു.

തെരുവ് നായ്ക്കള്‍ പെരുകുന്നതിന് പ്രധാന കാരണം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ഇറച്ചി മാലിന്യങ്ങള്‍ ഭക്ഷിച്ചു ശീലിച്ച തെരുവുനായ്ക്കള്‍ അവ ലഭിക്കാതെയാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യനെ ആക്രമിക്കും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം. ഉദ്ഭവിക്കുന്ന സ്ഥലത്ത് തന്നെ അവ സംസ്‌ക്കരിക്കണം. മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചെറിയാം എന്ന ചിന്താഗതി മാറണം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ക്ക് പരിഹാരമാകൂവെന്നും സ്പീക്കര്‍ പറഞ്ഞു.
ഡിജിറ്റല്‍ സര്‍വ്വേ വിജയകരമായി സംഘടിപ്പിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വിജു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. ആര്‍ എന്‍ സംഗീത, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പിഎം രാജീവ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ പി പ്രഹീദ്, എം ബാലന്‍, സുശീല്‍ ചന്ദ്രോത്ത്, എ കെ മഹമൂദ്, പി പ്രസന്നന്‍, രാമദാസ് കരിമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *