Hivision Channel

സംരംഭക വര്‍ഷം; കണ്ണൂര്‍ മണ്ഡലത്തില്‍ 13.51 കോടി രൂപയുടെ നിക്ഷേപം

വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന ആശയത്തിലൂന്നി കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പുതുതായി 343 സംരംഭങ്ങള്‍ തുടങ്ങി. 13.51 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ആരംഭിച്ച സംരംഭങ്ങള്‍ വഴി ഇത് വരെ 789 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇത് വരെ 32.92 ശതമാനം നേട്ടം കൈവരിച്ചതായി ഉദ്യോഗസ്ഥര്‍ മണ്ഡലതല അവലോകന യോഗത്തില്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തിയ വായ്പാ സബ്‌സിഡി മേളയില്‍ അര്‍ഹരായ17 പേര്‍ക്കായി 1.08 കോടി രൂപ വായ്പ അനുവദിച്ചു. മണ്ഡലം പരിധിയില്‍ പെടുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 14 മുതല്‍ 53 വരെയുള്ള ഡിവിഷനുകള്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 1042 സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷൃം.ഇതിനായി ബിടെക്ക് / എം ബി എ യോഗ്യതയുള്ള നാല് ഇന്റേണുകളെ നിയോഗിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായാണ് 343 പുതിയ സംരംഭങ്ങള്‍ തുടങ്ങിയത്. ഇതില്‍ 39 നിര്‍മ്മാണ സംരംഭങ്ങളും 130 സേവന സംരംഭങ്ങളും 174 കച്ചവട സംരംഭങ്ങളും ഉള്‍പ്പെടുന്നു.
കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ എസ് ഷിറാസ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ അരവിന്ദാക്ഷന്‍ , വ്യവസായ വികസന ഓഫീസര്‍മാരായ ജെ ജൂനു, കെ സി ലിജു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *