സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്നും ഇത് നേരിടേണ്ടത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനവും കേരള പൊലീസ് കൊക്കോണില്‍ അവതരിപ്പിച്ചു.
സൈബര്‍ സുരക്ഷയാണ് കേരള പൊലീസിന്റെ കൊക്കോണ്‍ പതിനഞ്ചാം എഡിഷന്റെ ചര്‍ച്ചാ വിഷയം. സൈബര്‍ കുറ്റകൃത്യങ്ങളും വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെ സഹകരണം തേടുകയാണ് ഇത്തവണത്തെ സമ്മേളനം. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ എല്ലാവരുടെയും സൈബര്‍ സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനം കൊക്കോണില്‍ കേരള പൊലീസ് അവതരിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്റ്റേറ്റ് പൊലീസ് ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്. അഞ്ച് കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ഡ്രോണുകളെ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. അനുമതിയില്ലാതെ പറക്കുന്നവ അടിച്ചിടാനും സംവിധാനമുണ്ട്. എണ്‍പത് ലക്ഷമാണ് ചെലവ്. സൈബര്‍ സുരക്ഷ ഉയര്‍ത്തിയുള്ള വിവിധ സെഷനുകള്‍ ഇന്നും നാളെയും നടക്കും. സമാപന സമ്മേളനം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും