തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, നവീകരിച്ച ഒപി, ലാബ്, ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. തളിപ്പറമ്പ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിച്ച റോഡിന്റെയും പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും എം എല്‍ എ നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. 45 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് താലൂക്കാശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ ഒപി, എന്‍സിഡി ക്ലിനിക്, സ്‌പെഷ്യാലിറ്റി ഒപികള്‍, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഇസിജി റൂം, വിശാലമായ രണ്ട് കാത്തിരിപ്പ് മുറികള്‍,ആംബുലന്‍സ് ഷെഡ് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അര്‍ദ്രം മിഷന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം വഴി 1.45 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ക്ക് പിറകിലായി നേരത്തേ നിര്‍മ്മാണം പൂര്‍ത്തിയായ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ടു നിലകളില്‍ പുതിയ ഒ പി പ്രവര്‍ത്തിക്കും. നിലവില്‍ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ ഒ പികളും ഇവിടെ സജ്ജീകരിക്കും. പ്രത്യേക ഒപി ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കും.
താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭാ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ കെ പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, എം കെ ഷബിത, പി പി മുഹമ്മദ് നിസാര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ പി കെ അനില്‍കുമാര്‍, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് കെ ടി രേഖ തുടങ്ങിയവര്‍ സംസാരിച്ചു.