Hivision Channel

ഔഷധസസ്യങ്ങളെ അടുത്തറിയാന്‍ എരമം കുറ്റൂരില്‍ പുനര്‍നവ പാര്‍ക്ക്

ഔഷധസസ്യ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ച് എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ പുനരുജ്ജീവനത്തിന് ‘പുനര്‍നവ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
പരമ്പരാഗത ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ഗുണത്തെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പഞ്ചായത്തിന്റെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. മാതമംഗലത്തിന് സമീപം ചേനോത്ത് വയലില്‍ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ് പാര്‍ക്ക് ഒരുക്കിയത്. ആദ്യഘട്ടത്തില്‍ 101 ഇനങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിലവില്‍ മുന്നൂറിലധികം വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ 500 ചെടികളാണ് ഇവിടെ നട്ടു പിടിപ്പിച്ചു. . മുക്കുറ്റി, തഴുതാമ, തിരുതാളി, നിലപ്പന, ഉഴിഞ്ഞ, കറുക, പൂവാങ്കുരുന്ന്, കയ്യൂന്നി തുടങ്ങിയ ഇതില്‍ ചിലത് മാത്രമാണ്. ഔഷധിയില്‍ നിന്നും പ്രദേശവാസികളില്‍ നിന്നുമാണ് ആവശ്യമായ തൈകള്‍ ശേഖരിച്ചത്. സന്ദര്‍ശകരുടെ സംശയനിവാരണത്തിനായി ചെടികള്‍ക്ക് സമീപം ആവയുടെ ശാസ്ത്രീയ നാമം, കുടുംബം, ഗുണഫലങ്ങള്‍ എന്നിവ എഴുതിയ ബോര്‍ഡ് ഉടന്‍ സ്ഥാപിക്കും. വിശ്രമിക്കാന്‍ മുളയില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍ എന്നിവയും ഒരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബയോ ഡൈവേഴ്‌സിറ്റി കമ്മറ്റിക്കാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *