Hivision Channel

ലഹരിക്കെതിരെ നവകേരള മുന്നേറ്റം; ക്യാമ്പയിന് ജില്ലയില്‍ തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎ, എംപിടിഎ, വികസനസമിതി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി നടന്നു. പരിപാടി വെള്ളിയാഴ്ച തുടരും. ഒക്ടോബര്‍ എട്ട് മുതല്‍ 12 വരെ ക്ലബ്ബുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാന്‍ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ അനുസരിച്ച് അധ്യാപകര്‍ക്കും എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും.
14ന് ബസ് സ്റ്റാന്റുകള്‍, ചന്തകള്‍, ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. 16ന് വൈകീട്ട് നാല് മുതല്‍ ഏഴ് വരെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ്സ് നടക്കും. അതിഥി തൊഴിലാളികള്‍ക്കിടയിലെ പ്രചാരണ പരിപാടികളും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും ശക്തമാക്കും. 23,24 തീയതികളില്‍ ഗ്രന്ഥശാലകളിലും 24ന് വൈകീട്ട് ആറിന് വീടുകളിലും പൊതുസ്ഥലങ്ങളിലും 25ന് വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. 28ന് എന്‍സിസി, എന്‍എസ്എസ്, എസ് പി സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും 30, 31 തീയതികളില്‍ വിളംബരജാഥകളും നടക്കും. നവംബര്‍ ഒന്നിനാണ് ക്യാമ്പയിന്റെ ആദ്യഘട്ടം അവസാനിക്കുക
കണ്ണൂര്‍ മെന്‍ ടി ടി ഐയില്‍ നടന്ന ചടങ്ങില്‍ എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ് മുഖ്യാതിഥിയായി . ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പ്രീത, ഡി ഡി ഇ വി എ ശശീന്ദ്ര വ്യാസ്, ആര്‍ ഡി ഡി പി വി പ്രസീത, എസ് എസ് കെ ഡി പി സി ഇ സി വിനോദ്, വനിത എസ് ഐ പി നസീമ, ടി ടി ഐ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഷീദ് എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

Leave a Comment

Your email address will not be published. Required fields are marked *