Hivision Channel

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം; ഡിഎംഒ

ജില്ലയില്‍ എലിപ്പനിയും അതിനോടനുബന്ധിച്ചുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. എലികളുടെ മലമൂത്ര വിസര്‍ജനത്തിലൂടെ പുറത്തുവരുന്ന ലെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ എലിയുടെ വിസര്‍ജനത്താല്‍ മലിനമായ മണ്ണ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും മലിനമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരിലും രോഗം ഉണ്ടാവുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ തോട്ടം, ഫാം എന്നിവിടങ്ങളിലെ തൊഴിലാളികള്‍, പാടത്തും പറമ്പിലും ജോലി ചെയ്യുന്നവര്‍, കന്നുകാലിയെ വളര്‍ത്തുന്നവര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വെള്ളത്തിലിറങ്ങി മത്സ്യം പിടിക്കുന്നവര്‍ എന്നിവരില്‍ രോഗം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള ജോലി ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍വീതം എലിപ്പനി രോഗ പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം.

രോഗ ലക്ഷണങ്ങള്‍
ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിനുണ്ടാവുന്ന നിറവ്യത്യാസം, മൂത്രത്തിലെ മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ചര്‍ദ്ദി, മഞ്ഞപിത്ത ലക്ഷണങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ലക്ഷണം ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയില്‍ ചികിത്സതേടണം. കൈകാലുകളില്‍ മുറിവുള്ളവര്‍ കഴിവതും രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതിരിക്കുക. ജോലിക്കിറങ്ങുമ്പോള്‍ കൈയ്യുറ, കാലുറ എന്നിവ ധരിക്കുക. മലിനമായ വെള്ളത്തില്‍ കുളിക്കുന്നതും കൈ, കാല്‍, മുഖം, വായ എന്നിവ കഴുകുന്നതും ഒഴിവാക്കി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. എലികളെ നശിപ്പിക്കുകയും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കുകയും വേണമെന്ന് ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *