Hivision Channel

ജലജീവന്‍ മിഷന്‍; ജില്ലയിലെ 119867 വീടുകളില്‍ കുടിവെള്ളമെത്തി

ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ നല്‍കിയത് 1,19,867 കണക്ഷനുകള്‍. 2024 ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2020 ഏപ്രില്‍ ഒന്നു വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 440192 ഗ്രാമീണ ഭവനങ്ങളാണുള്ളത്. ഇതില്‍ 80423 വീടുകളില്‍ കണക്ഷന്‍ നിലവിലുണ്ട്. പുതുതായി വന്ന 2449 വീടുകള്‍ ഉള്‍പ്പെടെ 242351 കണക്ഷനാണ് ഇനി നല്‍കാനുള്ളത്. 42,300 കണക്ഷനുകള്‍ കൂടി നല്‍കി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഡിസംബറോടെ പൂര്‍ത്തിയാക്കും. 2023 മാര്‍ച്ചോടെ 59200, 2023 ഡിസംബറോടെ 90000, 2024 മാര്‍ച്ചോടെ 50851 എന്നിങ്ങനെ കണക്ഷനുകള്‍ നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കുക. 334.29 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആവശ്യമായ പൈപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനിയറിംഗ് ടെക്നോളജിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. ശുദ്ധജല വിതരണ ശൃംഖല നിലവിലുള്ള പ്രദേശങ്ങളിലെ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ നല്‍കി. ബാക്കിയുള്ള 770 അംഗന്‍വാടികളിലും 23 സ്‌കൂളുകളിലും വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചു.
ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂല്‍, രാമന്തളി, മുഴപ്പിലങ്ങാട്, പിണറായി, കതിരൂര്‍ എന്നീ എട്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമായി കഴിഞ്ഞു. വിതരണ ശൃംഖല, വാട്ടര്‍ടാങ്ക് സ്ഥാപിക്കല്‍ എന്നിവക്കായി റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കിയിരുന്നു. പദ്ധതിക്ക് 80 സ്വകാര്യ വ്യക്തികളുടെ ഭൂമി ആവശ്യമാണ്. ഇതില്‍ 19 പേരുടെ ഭൂമി മുന്‍കൂറായി ഏറ്റെടുത്ത് ലഭ്യമാക്കി. ബാക്കിയുള്ള 61 പേരില്‍ നിന്നായി 6.43 ഏക്കര്‍ ഭൂമി പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു.
ഇരിക്കൂര്‍ പഞ്ചായത്തില്‍ ജലനിധി വഴിയും മറ്റിടങ്ങളില്‍ ജല അതോറിറ്റിയുടെ ജലവിതരണ ഡിവിഷന്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ പ്രൊജക്ട് ഡിവിഷനുകള്‍ എന്നിവ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കണ്ണൂര്‍ ജലവിതരണ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ സുധീപ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *