
വടക്കാഞ്ചേരി അപകടത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞ കോടതി, ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു.റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവര്‍ത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങള്‍ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വടക്കാഞ്ചേരിയില്‍ അപകടമുടക്കിയ
ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലര്‍ട്ട് പോയിരുന്നു. എംവിഡി വെബ്‌സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയികുന്നു എന്നും എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികള്‍ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥര്‍ മാത്രമാനുള്ളതെന്നും എസ് ശ്രീജിത്ത് കോടതിയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്ത് കൊണ്ട് നടപടി എടുക്കാന്‍ മടിക്കുന്നതെന്നും കോടതി ചോദിച്ചു. റോഡില്‍ ഇറങ്ങിയാല്‍ ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് കാണുന്നതെന്ന് പറഞ്ഞ കോടതി, മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണെന്നും പരാമര്‍ശിച്ചു. ഏത് തരത്തിലും വണ്ടി ഓടിക്കാന്‍ ഇവര്‍ക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവര്‍ണറില്‍ കൃത്രിമത്വം നടത്തുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും കമ്മീഷണര്‍ക്കാണെന്നും വടക്കഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.














