Hivision Channel

കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു

അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 2024 ഏപ്രിലോടെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കിയ നാട്ടുകാര്‍ നാടിന്റെ വികസനത്തിനായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന് 6.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. 79.2 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന് 20 മീറ്ററില്‍ രണ്ട് സ്പാനും 19.6 മീറ്ററില്‍ രണ്ട് സ്പാനുമാണുണ്ടാവുക. ഇരുവശത്തും 1.2 മീറ്റര്‍ വീതിയില്‍ നടപ്പാത, മാങ്ങാട്ടിടം, മട്ടന്നൂര്‍ ഭാഗങ്ങളില്‍ അനുബന്ധ റോഡുകള്‍, പാര്‍ശ്വഭിത്തി, ഡ്രെയിനേജ് എന്നിവയും ഒരുക്കും. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് പാലം രൂപകല്‍പന ചെയ്തത്.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ ടീച്ചര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി അനിത, കൗണ്‍സിലര്‍മാരായ എം രഞ്ചിത്ത് കുമാര്‍, എം ഷീബ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ബഷീര്‍, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗം എം മിനി, ജില്ലാ ആസൂത്രണ സമിതി അംഗം പി പുരുഷോത്തമന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ഉത്തരമേഖല കോഴിക്കോട് സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, കണ്ണൂര്‍ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജി എസ് ജ്യോതി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *