
അതിഥി തൊഴിലാളികള്‍ കേരളത്തിന്റെ മക്കളാണെന്നും ലഹരി മരുന്നുകളുടെ പിടിയില്‍നിന്ന് സ്വയം മോചിതരാവുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളം നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തില്‍ കൈകോര്‍ക്കണമെന്നും തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ കവചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ ലഹരി മരുന്നുകളുടെ വ്യാപന സാധ്യതകള്‍ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കും. ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളിലും അസി. ലേബര്‍ ഓഫീസര്‍മാര്‍ നിരന്തരം സന്ദര്‍ശനം നടത്തും. ക്യാമ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് എക്സൈസ് വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കും. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്തും. കേരളത്തിന്റെ ഉല്പാദന വിതരണ സേവന മേഖലകളില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് അതിഥി തൊഴിലാളികള്‍. അതിഥി തൊഴിലാളികള്‍ക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട ചില ക്രിമിനല്‍ പ്രവണതകളും ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലാളികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപഭോഗവും വിനിമയവും സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഉദ്യോഗസ്ഥന് വിവരം പോലീസ്-എക്സൈസ്-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. നടപടി ഉറപ്പാക്കണം.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് പേരുടെ മരണത്തിനു കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ശരീരികവും മാനസികവുമായി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഒപ്പം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കും. കുട്ടികളുടെ പഠനത്തിനും കുടുംബത്തിന്റെ സാമൂഹിക, സാമ്പത്തിക ഉയര്‍ച്ചക്കും ഉപയോഗിക്കാവുന്ന പണമാണ് സ്വന്തം മരണത്തിനു പോലും കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി മാറ്റിവെക്കുന്നതെന്നു മനസ്സിലാക്കി അതില്‍നിന്നും സ്വയം മോചിതരാവണമെന്നും മന്ത്രി വി ശിവന് കുട്ടി പറഞ്ഞു.
രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബീഡി ആന്‍ഡ് ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ പി സഹദേവന്, കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന്, കണ്ണൂര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍ ടി കെ രത്നകുമാര്‍, അസി എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ്, അഡീ ലേബര്‍ സെക്രട്ടറി ഡി ലാല്‍, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) കെഎം സുനില്‍, ഐ എന്‍ടി യു സി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം, ബി എം എസ് ജില്ലാ സെക്രട്ടറി എം വേണുഗോപാല്‍, എസ് ടി യു ജില്ലാ പ്രസിഡന്റ് എം എ കരീം എന്നിവര്‍ സംസാരിച്ചു.
അതിഥി തൊഴിലാളികളുടെ മക്കളായ മൂന്ന് കുട്ടികള്‍ മലയാളത്തില്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. മന്ത്രിയുടെ പ്രസംഗം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി നല്കി. നിറഞ്ഞ കൈയടികളോടെയാണ് മന്ത്രിയുടെ വാക്കുകളെ അവര്‍ വരവേറ്റത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പുരുഷോത്തമന് ലഹരിവിമുക്ത ക്ലാസ് നടത്തി. അതിഥി തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ആയിരത്തോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്ത വിളംബര ജാഥയുടെ ഫ്ളാഗ് ഓഫ് ജില്ലാ ലേബര്‍ ഓഫീസ് പരിസരത്ത് മന്ത്രി നിര്‍വഹിച്ചു. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിവിധ ഭാഷകളിലെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തി നടത്തിയ റാലി സാധു ഓഡിറ്റോറിയത്തില്‍ സമാപിച്ചു.














