Hivision Channel

കൈത്തറി മേഖലയെ ആധുനികവല്‍ക്കരിക്കും; മന്ത്രി വി ശിവന്‍കുട്ടി

കൈത്തറി മേഖലയില്‍ പരമ്പരാഗത രീതി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവരുടെ മക്കളില്‍ എസ് എസ് എല്‍ സി ഉന്നത വിജയികളായവര്‍ക്കുള്ള സ്വര്‍ണ്ണ പതക്കങ്ങള്‍, വിവിധ ആനുകൂല്യങ്ങള്‍ എന്നിവ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കൈത്തറി മേഖലയെ സജ്ജമാക്കണം. താരതമ്യേന വരുമാനം കുറഞ്ഞ കൈത്തറി മേഖലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നില്ലെന്നത് വാസ്തവമാണ്. ഇന്നത്തെ കമ്പോള അഭിരുചിക്കനുസരിച്ച് ഉല്‍പ്പാദനം നടത്തിയാലേ കൈത്തറി മേഖലയ്ക്ക് പിടിച്ചു നില്‍ക്കാനാകൂ എന്ന വസ്തുത നാം വിസ്മരിക്കരുത്-മന്ത്രി പറഞ്ഞു.
കൈത്തറി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ക്ഷേമനിധി ബോര്‍ഡ് മുഖേന ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം ഉണ്ടാക്കും-മന്ത്രി പറഞ്ഞു.
വലിയ സ്വീകാര്യതയാണ് കേരളത്തിലെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്. തുണി ഉല്‍പ്പാദന മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവ് കൈത്തറി മേഖലയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ടായി. സര്‍ക്കാര്‍ അനുവദിക്കുന്ന റിബേറ്റ് ആനുകൂല്യം വഴി ഉത്സവ സീസണുകളില്‍ കൈത്തറി വസ്ത്രങ്ങള്‍ വില്‍പന നടത്താന്‍ കഴിയുന്നതാണ് ചെറിയ രീതിയിലെങ്കിലും ഈ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നത്. കൈത്തറി തൊഴിലാളികളെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്ക് കൈത്തറി തുണി ഉപയോഗിക്കാന്‍ തീരുമാനിച്ചത് കൈത്തറി മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാക്കി. 2018ലെ വ്യവസായ നയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വേണമെന്ന നിരന്തരമായ ആവശ്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഈ കാര്യത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചു ചേര്‍ക്കും-മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു.
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ കുടവന്‍ പത്മനാഭന്‍, ടി ശങ്കരന്‍, താവം ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ വീവേഴ്സ് സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി കെ വി സന്തോഷ് കുമാര്‍, ക്ഷേമനിധി ബോര്‍ഡംഗങ്ങളായ കെ മനോഹരന്‍, എ വി ബാബു, താവം ബാലകൃഷ്ണന്‍, കെ സേതുമാധവന്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ എ ഷാജു എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *