Hivision Channel

അറിവിന്റെ ആകാശം തുറന്ന് കെ പി പി നമ്പ്യാര്‍ സ്മാരക ഗവേഷണ കേന്ദ്രം

ശാസ്ത്ര സാങ്കേതിക ലോകത്ത് വേറിട്ട ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കെ പി പി നമ്പ്യാരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഗവേഷണ കുതുകികളായ വിദ്യാര്‍ഥികള്‍ക്ക് സാധ്യതകളും തുറന്നിടുകയാണ് മാങ്ങാട്ടുപറമ്പിലെ കെ പി പി നമ്പ്യാര്‍ സ്മാരകം. ലോകോത്തര നിലവാരമുള്ള കെ പി പി നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ അദ്ദേഹത്തിന്റെ ജീവിത യാത്രയിലെ നാള്‍വഴികള്‍ വരച്ചുകാട്ടുന്ന മ്യൂസിയവും പുത്തന്‍ അനുഭവവുമാണ്.
കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാനായ കെ പി പി നമ്പ്യാര്‍ ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോ പാര്‍ക്ക് കേരളത്തിന് സ്വന്തമാകുന്നതിനും പ്രധാന പങ്കു വഹിച്ചു. ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെക്കുറിച്ച് പുതുതലമുറക്ക് ഇവിടെ വായിച്ചറിയാം.
ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച കെ പി പി നമ്പ്യാരുടെ പൂര്‍ണകായ പ്രതിമ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കല്യാശ്ശേരി സ്വദേശിയായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്താണ് സ്മാരകവും പ്രതിമയും സ്ഥിതി ചെയ്യുന്നത്. ശാസ്ത്ര, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് കെല്‍ട്രോണിനെ അറിയാനും ഇലക്ട്രോണിക് കോംപണന്റുകളുടെ നിര്‍മാണത്തെക്കുറിച്ചറിയാനും സഹായകരമാകും വിധമാണ് സെന്റര്‍ സജീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഡി എസ് ആര്‍ (ഡിപാര്‍ട്ട് മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് ) അംഗീകാരമുള്ള ഈ ഗവേഷണ സ്ഥാപനത്തില്‍ ഇലക്ട്രോണിക് ആന്റ് ടെസ്റ്റ് കാലിബ്രേഷന്‍ ലാബ്, മെറ്റീരിയല്‍ ഡെവലപ്‌മെന്റ് സെന്റര്‍, എഞ്ചിനീയറിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍, ആംഫി തിയറ്റര്‍, സയന്‍സ് എക്‌സിബിഷന്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍, ഇലക്ട്രോണിക് രംഗത്തെ സുപ്രധാന നാള്‍വഴികള്‍ എന്നിവ ഇവിടെ കാണാനാകും. ഗവേഷണത്തിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഗ്രാമീണ വനിത സംഘങ്ങളെയും സൊസൈറ്റികളെയും പങ്കെടുപ്പിച്ച്് കെല്‍ട്രോണിനെ ജനകീയവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളുടെ നേര്‍ച്ചിത്രങ്ങളും ഇവിടെയുണ്ട്.
സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് ഇതിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത്. ഇലക്ട്രോണിക് കോംപണന്റ് ശ്രേണിയിലുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി വിവിധ പദ്ധതികള്‍ കെല്‍ട്രോണ്‍ നടപ്പാക്കുന്നുണ്ട്. 2021-23 വര്‍ഷത്തെ ഷോട്ട് ടേം പ്ലാനിലൂടെ 18 കോടി രൂപ മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്പാദന കേന്ദ്രം സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 1974ല്‍ കെ പി പി നമ്പ്യാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ഇ ആര്‍ ആന്റ് ഡിസി (ഇപ്പോഴത്തെ സി ഡാക്) മാതൃകയിലുള്ള ഭരണ/ഗവേഷണ പരിപാടികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെല്‍ട്രോണ്‍.

Leave a Comment

Your email address will not be published. Required fields are marked *