Hivision Channel

നൂറിലേക്ക് ഓടിയെത്തി കെ എസ് ആര്‍ ടി സി വിനോദയാത്ര

കണ്ണൂര്‍:ഓടിയോടി ഒടുവില്‍ കണ്ണൂര്‍ കെ എസ് ആര്‍ ടി സിയുടെ വിനോദയാത്ര സെഞ്ചുറിയിലെത്തി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കണ്ണൂരില്‍ നിന്നുള്ള സംഘം കൊച്ചിയിലെ ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയിലെത്തിയതോടെയാണ് എട്ടുമാസം കൊണ്ട് യാത്രകളുടെ എണ്ണം നൂറായത്.
ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം ഉച്ചക്ക് രണ്ട് മണിക്ക്് കൊച്ചിയിലെത്തി. പ്രൊഫഷണല്‍ ഗൈഡും കണ്ടക്ടറും കൂടിയായ കലേഷിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് യാത്രയിലുള്ളത്. ആഡംബരകപ്പലിലെ ചാര്‍ജ് അടക്കം ഒരാള്‍ക്ക് 3850 രൂപയാണ് ഈടാക്കിയത്. ബുധനാഴ്ച വൈകീട്ട് കപ്പലില്‍ കയറിയ സംഘം രാത്രി ഒമ്പത് മണി വരെ അവിടെ ചെലവഴിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് നാട്ടില്‍ തിരിച്ചെത്തും.
കണ്ണൂരിന് പുറമെ കോഴിക്കോട്, തൃശൂര്‍ ജില്ലകളും യാത്രകളുടെ എണ്ണം നൂറ് തികച്ചെങ്കിലും അത് ഒരു വര്‍ഷംകൊണ്ടായിരുന്നു. 2022 ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആദ്യ യാത്ര. നൂറ് തികച്ചതോടെ അത് വിപുലമായി ആഘോഷിക്കാനുള്ള ആലോചനയിലാണ് കെ എസ് ആര്‍ ടി സി.
യാത്രയുടെ ഫ്‌ളാഗ് ഓഫ് കണ്ണൂര്‍ ഡി ടി ഒ മനോജ് നിര്‍വഹിച്ചു. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചതോടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ യാത്രകള്‍ നടത്താനാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *