Hivision Channel

മലയാളദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

കണ്ണൂര്‍:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും. രാവിലെ 10.45ന് കലക്ടറേറ്റ് ആംഫി തിയറ്ററില്‍ പ്രശസ്ത നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. എ ഡി എം കെ കെ ദിവാകരന്‍ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ജീവനക്കാര്‍ക്കായി ക്ലബ് എഫ് എമ്മുമായി ചേര്‍ന്ന് നടത്തുന്ന കേരളപ്പിറവി ഗെയിം ഷോ അരങ്ങേറും.
ഇതിന് മുന്നോടിയായി ജില്ലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തും. സര്‍വ്വീസ് ജിവിതത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അനുഭവക്കുറിപ്പ് രചന, മലയാള പുസ്തകത്തെ ആധാരമാക്കിയുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ എന്നിവയാണ് നടത്തുന്നത്. ആര്‍ രാജശ്രീയുടെ ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പാണ് തയ്യാറാക്കേണ്ടത്. പരമാവധി 150 വാക്കില്‍ കവിയാത്തതായിരിക്കണം കുറിപ്പുകള്‍. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വിഭാഗമായാണ് ഗെയിം ഷോ ഒഴികെയുള്ള മത്സരം. ഗെയിം ഷോ, പരിഭാഷ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രചനകള്‍ ഒക്ടോബര്‍ 29നകം വിലാസം, ഫോണ്‍ നമ്പര്‍, ഓഫീസ് വിവരം എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ, kannurprdcontest@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയക്കണം.
നവംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭന്‍ നിര്‍വ്വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *