ഡിജിറ്റല്‍ റീ സര്‍വ്വെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റീ സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ള 1666 വില്ലേജുകളില്‍ 54 ശതമാനം വില്ലേജുകളിലെ ഭൂസര്‍വ്വെ മാത്രമാണ് ഡിജിറ്റലൈസ് ചെയ്യാനായത്.ഡിജിറ്റല്‍ കാലഘട്ടത്തില്‍ പോലും മുഴുവന്‍ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ സാധിക്കാത്തത് പോരായ്മയാണ്. ഇത് മറികടക്കാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. ശാസ്ത്രീയമായി സര്‍വെ നടത്തി നാലു വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യമായ സര്‍വെ നടത്തുന്നതിലെ കാലതാമസമാണ്. ഡിജിറ്റല്‍ റീ സര്‍വ്വെയിലൂടെ ഇത് പരിഹരിക്കാനാകും. ഓരോ ഭൂമിയുടെയും കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാനാകും. സര്‍വേ പൂര്‍ത്തിയാകുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് അടിയാധാരം അന്വേഷിച്ച് ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും എല്ലാവരും സര്‍വെയുമായി സഹകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14 വില്ലേജുകളിലാണ് സര്‍വേ നടത്തുക. കണ്ണൂര്‍ താലൂക്കില്‍ കണ്ണൂര്‍ ഒന്ന്, കണ്ണൂര്‍ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, അഴീക്കോട് നോര്‍ത്ത്, വളപട്ടണം, തലശ്ശേരി താലൂക്കില്‍ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കില്‍ ചാവശ്ശേരി, വിളമന, കണിച്ചാര്‍, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സര്‍വേ. ഇത് ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോണ്‍, ടോട്ടല്‍ സ്റ്റേഷന്, ആര് ടി കെ, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് എന്നീ ഡിജിറ്റല്‍ ഉപകരണങ്ങള്‍ റീ സര്‍വേക്കായി ഉപയോഗിക്കും. ആകാശ കാഴ്ച്ചയില്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആര് ടി കെ സാങ്കേതിക വിദ്യ ഉപയോഗിക്കും. സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭ്യമാകാത്ത ഇടങ്ങളില്‍ ഇലക്ട്രോണിക് റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് ഉപയോഗിച്ചും സര്‍വ്വേ പൂര്‍ത്തീകരിക്കും.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവന് പട്ടത്താരി പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ ടി വി റാഷിത ടീച്ചര്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്സി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ രജിസ്ട്രാര്‍ ബി എസ് ബീന, തഹസില്‍ദാര്‍ കെ ഷീബ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














