Hivision Channel

കേരളപ്പിറവി ഒരു ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരം; മുഹമ്മദ് പേരാമ്പ്ര

കേരളപ്പിറവിയെന്നത് കേവലം ഒരു ദിനമല്ലെന്നും ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണെന്നും പ്രമുഖ നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിന്നു അദ്ദേഹം.

ജീവിതത്തെ വായിച്ച് പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നാമെങ്ങിനെയാണ് ഇതുവരെ എത്തിയതെന്ന് ബോധ്യമാകും. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു അത്്. നിരന്തര പോരാട്ടങ്ങളാണ് കേരള രൂപീകരണത്തിലേക്കും മലയാളഭാഷയുടെ വികാസത്തിലേക്കും നയിച്ചത്. ഭാഷാമുകുളം വിരിഞ്ഞു സുഗന്ധം പരത്തി കവിതയും കഥയും നാടകവും പാട്ടും ചിന്തയുമെല്ലാം രൂപപ്പെട്ടതങ്ങിനെയാണ്.
ഒരു ആരാധനാലയത്തിലും നേര്‍ച്ച നേര്‍ന്നിട്ടല്ല കേരളം കേരളമായതെന്നു നാമറിയണം. അടിയാളന്റെ അവകാശ ബോധത്തിലൂന്നിയ ഇടപെടലുകളാണ്, അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രകളാണ്, പഞ്ചമിയുടെ കൈയും പിടിച്ചു നടന്ന ചുവടുകളാണ്, നാടകങ്ങളും കവിതകളുമാണ് കേരളത്തെ മാറ്റിമറിച്ചത്. ചരിത്രത്തെക്കുറിച്ചുള്ള ഇത്തരം ഓര്‍മ്മകള്‍ കൂടിയാണ് ഭാഷയെ ഓര്‍മിക്കുമ്പോള്‍ നമ്മളെത്തേടിയെത്തുന്നത്. ഇത് തിരിച്ചറിയുക എന്നതാണ് കാലത്തിന്റെ കടമ.
അറിവിന്റെ തെളിനീരൊഴുകുന്ന നിളയുടെ തട്ടകത്തിലൂടെ ആകാശം നോക്കി കവിതയെഴുതാന്‍ മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍ നായരെ പഠിപ്പിച്ചതും ഈ ഭാഷയും കൊച്ചുകേരളവുമാണെന്ന് നാം മറന്നു കൂടാ. എവിടെനിന്നാണ് കവിതകിട്ടിയതെന്ന അക്കിത്തത്തിന്റെ ചോദ്യത്തിന് ആകാശം തന്ന കവിതയാണീ കളിയച്ഛന്‍ എന്ന് പി മറുപടി പറയുന്നുണ്ട്. ഒരു നദിയുടെ ഒഴുക്കിനു കുളിരു മാത്രമല്ല കവിതയും ചിന്തകളുടെ അനന്ത സാധ്യതകളും നല്‍കാനാവുമെന്നു കൂടിയാണ് ഇത് കാണിക്കുന്നത്.
മലയാള ഭാഷയെ സ്നേഹിക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കും എന്ന് പറയുന്നവരുടെ മക്കള്‍ പോലും പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. വാക്കും പ്രവൃത്തിയും ഒന്നാക്കാന്‍ സാധിക്കണം. കേവലം വേഷത്തില്‍ മാത്രമല്ല, ഹൃദയത്തിലും കേരളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കണം. കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ അവസ്ഥയിലേക്ക് തിരിച്ചുപോവുകയാണോ കേരളമെന്ന് ആകുലപ്പെടുന്ന കാലമാണിത്. ചിലര്‍ ഇത് ദൈവത്തിന്റെ നാടാണെന്ന് തിരുത്തിയെങ്കിലും എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയാണിവിടെ. നമ്മുടെ നാടിന്റെ ഭാഷയേയും ഭാഷാസംസ്‌കാരത്തെയും ശക്തമാക്കാനും ഭരണഘടനപരയായി ഉപയോഗിക്കാനുമുള്ള വലിയ ദൗത്യത്തിന്റെ സാരഥികളാവേണ്ടവരാണ് ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. ഇന്ത്യയില്‍ പലയിടത്തും മാതൃഭാഷക്ക് കരുത്തേകാന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. മലയാള ഭാഷ ഭരണ ഭാഷയാക്കാന്‍ കേരളത്തിലും നിരന്തരം പോരാട്ടങ്ങള്‍ നടന്നു. എന്നാല്‍ അത് ഇന്നും പൂര്‍ണമായി വിജയത്തിലെത്തിയില്ല. അതിന്റെ കാരണം ഓരോരുത്തരും സ്വയം ചോദിക്കണം-മുഹമ്മദ് പേരാമ്പ്ര പറഞ്ഞു.
കലക്ടറേറ്റ് ആംഫി തിയറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍ ഭരണ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ക്കായി ക്ലബ് എഫ് എമ്മുമായി ചേര്‍ന്ന് ഗെയിം ഷോയും ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തില്‍ എ വി സ്നേഹ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്) ഒന്നാം സ്ഥാനവും ഷാജി മൂര്‍ക്കോത്ത് (റവന്യു വകുപ്പ്), ദിനേശ് (പ്ലാനിംഗ് ഓഫീസ്) എന്നിവര്‍ രണ്ടാം സ്ഥാനവും സി പി സുധാകരന്‍ (ഡി എം ഒ ഓഫീസ്), നിമിഷ (പ്ലാനിംഗ് ഓഫീസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി
ജീവനക്കാര്‍ക്കായി ഇംഗ്ലീഷ്-മലയാളം പരിഭാഷാ മത്സരം നവംബര്‍ മൂന്നിന് ഉച്ചക്ക് 2.15ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. നവംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭന്‍ നിര്‍വ്വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത് വിശിഷ്ടാതിഥിയാവും.

Leave a Comment

Your email address will not be published. Required fields are marked *