Hivision Channel

തൊഴിലുറപ്പ് പദ്ധതി; 42 പരാതികള്‍ പരിഹരിച്ചു

കണ്ണൂര്‍:തൊഴിലുറപ്പ് പദ്ധതിക്കായി സര്‍ക്കാര്‍ നിയോഗിച്ച ഓംബുഡ്‌സ്മാന്‍ അഞ്ച് മാസത്തിനിടെ ജില്ലയിലെ 42 പരാതികള്‍ പരിഹരിച്ചു. പദ്ധതി പ്രവര്‍ത്തനത്തിലെ അപാകതകള്‍, പോരായ്മകള്‍, സാമ്പത്തിക തിരിമറി, അനുവദനീയമല്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കല്‍, പ്രവൃത്തി സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ നിഷേധിക്കല്‍ എന്നിവ സംബന്ധിച്ച പരാതികളാണ് ഓംബുഡ്‌സ്മാന്‍ കെ എം രാമകൃഷ്ണന്‍ പരിഹരിച്ചത്.
38 പരാതികള്‍ വിവിധ ബ്ലോക്ക് ഓഫീസുകളില്‍ നടത്തിയ സിറ്റിങ്ങിലും മറ്റുള്ളവ ഇ മെയില്‍, കത്തുകള്‍ എന്നിവ വഴിയുമാണ് ലഭിച്ചത്. പ്രവൃത്തി സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഓംബുഡ്‌സ്മാന്‍ വിവിധ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, മിഷന്‍ ഡയറക്ടര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ഓംബുഡ്‌സ്മാന് നല്‍കാം. നേരിട്ട് പരാതിപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ അറിയിക്കാം. വിലാസം: ഓംബുഡ്‌സ്മാന്റെ കാര്യാലയം, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ അനക്‌സ് (ഇ ബ്ലോക്ക്), കണ്ണൂര്‍. ഫോണ്‍ 9447287542. ഇ മെയില്‍: ombudsmanmgnregskannur@gmail.com

Leave a Comment

Your email address will not be published. Required fields are marked *