കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ ഏറ്റെടുത്ത് കെ എസ് ഇ ബി ജീവനക്കാരും. കേരളപ്പിറവി ദിനത്തില്‍ മുണ്ടയാട് സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ആഡംബരക്കപ്പലായ കൊച്ചി നെഫ്രറ്റിറ്റിയിലേക്കായിരുന്നു യാത്ര. കണ്ണൂര്‍ വൈദ്യുതി ഭവനിലെ സൂപ്രണ്ട് പ്രമോദ് കുമാര്‍ അതിരകത്തിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളും യാത്ര പോകുന്നുണ്ട്. ഡി ടി ഒ മനോജ്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പാക്കേജുമായി സഹകരിച്ചാല്‍ അത് കെ എസ് ആര്‍ ടി സിയുടെ കുതിപ്പിന് ഊര്‍ജമാകുമെന്ന് ഡി ടി ഒ പറഞ്ഞു. നവംബര്‍ മാസത്തെ ടൂര്‍ ഷെഡ്യുളും ഡി ടി ഒ പ്രകാശനം ചെയ്തു. നവംബര്‍ ആറ്, 16, 29 തീയതികളില്‍ നെഫ്രറ്റിറ്റി ആഡംബര കപ്പലിലേക്കും നവംബര്‍ 11, 25 തീയതികളില്‍ വാഗമണ്‍- കുമരകം എന്നിവിടങ്ങളിലേക്കും 12, 19, 26 തീയതികളില്‍ മൂന്നാറിലേക്കുമാണ് യാത്ര. കൂടാതെ നവംബര്‍ 13, 27 തീയതികളില്‍ പൈതല്‍മല, റാണിപുരം- ബേക്കല്‍ എന്നിവിടങ്ങളിലേക്കും എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്കും യാത്ര പോകുന്നുണ്ട്.















