സാങ്കേതിക തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും സ്ത്രീകള്‍ വിട്ടുനിന്നാല്‍ അത് പൊതുസമൂഹത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ശാക്തീകരണ പദ്ധതിയായ ഷീ (സ്‌കീം ഫോര്‍ ഹെര്‍ എംപവര്‍മെന്റ്) യുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികള്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും ഉറച്ച് നില്‍ക്കണം. ഈ മേഖലകളില്‍ വനിതകളുടെ ഉയര്‍ന്ന പങ്കാളിത്തം ഉണ്ടെങ്കിലും നേതൃപരമായ മുന്നേറ്റത്തിന് പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. വിവാഹ ശേഷം ഇത്തരം അവസരങ്ങളില്‍ നിന്നും പിന്മാറുന്ന രീതികള്‍ മാറണം. കാലഹരണപ്പെട്ടതും പഴഞ്ചനുമായ പിന്തിരിപ്പന്‍ ആശയങ്ങള്‍ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ പെരുമാറുന്നതിന് തടസ്സമാകുന്നുണ്ട്. സാങ്കേതിക വിദ്യകള്‍ പ്രായോഗിക പരിശീലന രീതികളിലൂടെ കൈവരിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നേതാക്കളായി കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന, സംതൃപ്ത വ്യക്തിത്വമുള്ള വനിതാ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാന്‍ കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ 2019ല്‍ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, യുകെ-ഇന്ത്യ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ നിര്‍ദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നേതൃപാടവം ആര്‍ജിക്കാനും പ്രാപ്തരാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്‌നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ധര്‍മശാല എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷീ പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം വിജിന്‍ എം എല്‍ എ, ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, സാങ്കേതിവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി പി ബൈജുഭായ്, ഷീ സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍ ഡോ. വന്ദന ശ്രീധരന്‍, വിമന്‍ എഞ്ചിനീയേഴ്സ് കണക്റ്റ് അംഗം ടി കെ നവ്യ, കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഒ വി രജിനി, പി ടി എ പ്രസിഡണ്ട് എം ഇ ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷീ കോ-ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനവും നടന്നു.














