Hivision Channel

പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചര്‍ച്ച കണ്ണൂര്‍ ശിക്ഷക് സദന്‍ ഹാളില്‍ നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യനിര്‍ണയം, ബോധനരീതി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സാമൂഹിക രേഖയാണ് പാഠ്യപദ്ധതിയെന്ന് വിഷയം അവതരിപ്പിച്ച കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അറിവിന്റെ വ്യത്യസ്ത മേഖലകളില്‍ ഉണ്ടായിട്ടുള്ള വികാസത്തെ പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കരണമാകും നടപ്പിലാക്കുക. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനാണ് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിശദമായ ജനകീയചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയാണ്. ചര്‍ച്ചയിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനതലത്തിലേക്ക് നല്‍കും. വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിക്കുന്ന നിര്‍ദേശങ്ങള്‍ നേരിട്ട് സംസ്ഥാനതലത്തിലേക്ക് നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ടെക് പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. പൊതുചര്‍ച്ചകളിലൂടെയും ഓണ്‍ലൈനിലൂടെയും ലഭ്യമാകുന്ന പൊതുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും പാഠപുസ്തകങ്ങളും അനുബന്ധ സാമഗ്രികളും വികസിപ്പിക്കുക.
ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ ബോധം, ഭരണഘടന, പ്രാദേശിക ചരിത്രം, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. സങ്കുചിത താല്‍പര്യങ്ങള്‍ക്കു മുന്നില്‍ പുരോഗമനാശയങ്ങള്‍ മുട്ടുമടക്കരുത്. പാഠ്യപദ്ധതി മാത്രം പരിഷ്‌ക്കരിച്ചാല്‍ പോരെന്നും സ്‌കൂള്‍ അന്തരീക്ഷവും അധ്യാപകരും ഒരു പാട് മാറാനുണ്ടെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ ഡിഡിഇ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി വി വിനോദ് എന്നിവര്‍ സംസാരിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചര്‍ച്ചകള്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *