
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന തരത്തിലുള്ള ബദല്‍ സംവിധാനമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ട സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുതലാളിമാരുടെ കയ്യിലല്ല, ജനങ്ങളുടെ കൈയിലാണ് നമ്മുടെ സഹകരണ ബാങ്കുകള്‍. ഇതിന്റെ ലാഭവിഹിതം സാധാരണക്കാരുടെ കൈയില്‍ തന്നെയാണ് എത്തിച്ചേരുന്നത്. ശക്തമായ സാമ്പത്തിക അടിത്തറ സഹകരണ മേഖലയിലെ ബാങ്കുകള്‍ക്കുണ്ട്. ഏത് സാമ്പത്തിക ബുദ്ധിമുട്ടിലും ജനങ്ങളെ സഹായിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ സര്‍ക്കാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയായാണെന്നും മന്ത്രി പറഞ്ഞു
സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മാരക രോഗബാധിതരായി ദുരിതമനുഭവിക്കുന്ന സഹകരണ സംഘം അംഗങ്ങളെ സഹായിക്കാന്‍ ‘അംഗ സമാശ്വാസ നിധി’ പദ്ധതി നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 647 ഗുണഭോക്താകള്‍ക്കായി വിതരണം ചെയ്യാന്‍ 1.42 കോടി രൂപയാണ് ജില്ലക്ക് അനുവദിച്ചത്.
അര്‍ബുദം, ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍, പാരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, എച്ച് ഐ വി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവര്‍, കരള്‍ സംബന്ധമായ അസുഖം ബാധിച്ചവര്‍, വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍/ശയ്യാവലംബരായവര്‍ തുടങ്ങിയവര്‍ക്കും അപകടത്തില്‍പ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍/ബാങ്കുകളുടെ അതത് ഓഡിറ്റ് വര്‍ഷത്തെ അറ്റ ലാഭത്തിന്റെ 10 ശതമാനത്തില്‍ അധികരിക്കാത്ത തുക, പരമാവധി 1,00,000 രൂപയാണ് പദ്ധതിയുടെ പ്രധാന ഫണ്ട്.
മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) എം കെ സൈബുന്നീസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് സി വി ശശീന്ദ്രന്, പി എ എസി എസ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ ശ്രീധരന്, മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്ക് പ്രസിഡണ്ട് കെ പി പ്രഭാകരന് മാസ്റ്റര്‍, കൂത്തുപറമ്പ് അസി.രജിസ്ട്രാര്‍ മധു, ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ പ്രദോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.














