
വിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ ഒഴിവ് നികത്തുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിവരികയാണെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലത്തിന്റെ തരംഗം സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കായികോപകരണ വിതരണവും കായിക ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരിലും കായിക ക്ഷമത ഉറപ്പു വരുത്തുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അത് വിദ്യാലയങ്ങളില്‍ നിന്നും ആരംഭിക്കണം. പഞ്ചായത്ത്തല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ സജീവമായാല്‍ കായിക രംഗത്തേക്ക് കൂടുതല്‍ പേരെ കൊണ്ടു വരാന്‍ സാധിക്കും. പ്രത്യേക കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്ന കായിക കേന്ദ്രങ്ങള്‍ 14 ജില്ലകളിലും ആരംഭിക്കുമെന്നും അതിന് നടപടി ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയാണ് കായിക ഉപകരണങ്ങള്‍ക്കായി നല്‍കിയത്. പ്രൈമറി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് കായിക പരിശീലനത്തിന് ആവശ്യമായ സൈക്കിള്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് ഉപകരണങ്ങളാണ് നല്‍കിയത്.
ഹൈസ്‌കൂള്‍ കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായിക വിദ്യാര്‍ഥികളും യുപി വിഭാഗത്തിനുള്ള കിറ്റ് മട്ടന്നൂര്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും എല്‍ പി വിഭാഗത്തിനുള്ള കിറ്റ് എന്‍ ഐ എസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികളും ഏറ്റുവാങ്ങി. മട്ടന്നൂര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് തരംഗം പദ്ധതി ആരംഭിച്ചത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലുമായുള്ള 118 വിദ്യാലയങ്ങളെയും 300 അങ്കണവാടികളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്റ്റുഡന്റ് പോലീസ് കാഡറ്റ് നടത്തുന്ന ട്വന്റി മില്യണ്‍ ഗോള്‍ ചലഞ്ചും പരിപാടിയുടെ ഭാഗമായി നടന്നു. മന്ത്രി വി അബ്ദു റഹ്മാന്‍, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഫുട്ബോള്‍ താരം സി കെ വിനീത് എന്നിവര്‍ ഗോളടിച്ചു.
മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ സി കെ വിനീത് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി സി ഗംഗാധരന്‍ (മാങ്ങാട്ടിടം), വി ബാലന്‍ (ചിറ്റാരിപ്പറമ്പ്), ബി ഷംസുദ്ദീന്‍ (പടിയൂര്‍-കല്ല്യാട്), കെ വി മിനി (കീഴല്ലൂര്‍), പി കെ ഷൈമ (കൂടാളി), വി ഹൈമാവതി (മാലൂര്‍), പി ശ്രീമതി (തില്ലങ്കേരി), എം റിജി (കോളയാട്), മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുഗതന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി ശ്രീജ, പി പി ജലീല്‍, പി രാഘവന്‍ മാസ്റ്റര്‍, കണ്ണൂര്‍ ഡി ഡി ഇ ശശീന്ദ്ര വ്യാസ്, തലശ്ശേരി ഡി ഇ ഒ എന്‍ എ ചന്ദ്രിക, മട്ടന്നൂര്‍ എ ഇ ഒ വി വി ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ സി ശശിധരന്‍, ഹെഡ്മിസ്ട്രസ് എം എം സുജാത, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ ശ്രീനാഥ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ എന്‍ സതീഷ്ബാബു, തരംഗം കണ്‍വീനര്‍ പി വി ദിവാകരന്‍, സംഘാടക സമിതി കണ്‍വീനര്‍ പി മധുസൂദനന്‍, മറ്റു രാഷ്ട്രീയ സംസ്‌കാരിക പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














