
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ പങ്കെടുത്ത് ആയിരം പേരെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെ പട്ടിക തയ്യാറാക്കി. സ്ത്രീകളെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. അറസ്റ്റിലേക്ക് കടക്കുന്നതിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചു. വിഴിഞ്ഞത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പോലീസുകാരെ സജ്ജമാക്കി നിര്‍ത്തി. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. വിഴിഞ്ഞം ആക്രമണത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയില്‍ നല്കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചുവെന്നും പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നും പൊലീസ് പറയുന്നു. വൈദികര്‍ പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര് സംഭവസ്ഥലത്ത് എത്തിയെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫാ.യൂജിന്‍ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ 500 ഓളം പേര് പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ കയറിയതെന്നും പറഞ്ഞു. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകളടക്കം ഇവര്‍ അടിച്ചു തകര്‍ത്തുവെന്നും ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും 64 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തിന് മുന്‍പ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകള്‍ തകര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് അക്രമിച്ചത്. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.














