Hivision Channel

latest news

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ആറളം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1993 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. തേന്‍ മിഠായി എന്ന പേരില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പി പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വി വിദ്യാര്‍ത്ഥി പ്രതിനിധി പ്രതിഭ പി. സെബാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ എ.ഡി. ചാക്കോ, മാര്‍ക്കോസ്, ഒ.എന്‍.വി ബാലന്‍, കെ.കെ ബാലന്‍, പ്രസന്ന, പുരുഷോത്തമന്‍, രാധ, കുഞ്ഞികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഷീബ, പി.ടി.എ പ്രസിഡണ്ട് ഷൈന്‍ ബാബു, യു.വി നദീര്‍, മാസ്റ്റര്‍ അനുഗ്രഹ് എന്നിവര്‍ സംബന്ധിച്ചു.

ഗുരുദേവ ജയന്തി ആഘോഷം

കാക്കയങ്ങാട്: എസ്.എന്‍.ഡി.പി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ക്ക് സെക്രട്ടറി കെ ഗോപി, വി മുരളീധരന്‍, കെ.കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി.കെ എന്നിവരെ ആദരിച്ചു

ഈരായിക്കൊല്ലി: ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി കെ എന്നിവരെ ആദരിച്ചു. പി പ്രഹ്ലാദന്റെ അധ്യക്ഷതയില്‍ കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു. അമല്‍ എം.എസ്, ചന്ദ്രജിത്ത്, ആകാശ് ബാബു, എ രാജന്‍, സാബു, ഷിയോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒറ്റപ്പെട്ട ശക്തമായ മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Water flowing along the street curb during heavy rain. Close up of splashing raindrops and air bubbles.

ഒറ്റപ്പെട്ട ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 12ന്
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പായസ വിതരണം നടത്തി

പേരാവൂര്‍: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പേരാവൂര്‍ കുനിത്തലമുക്ക് എ.എസ് നഗറില്‍ പായസ വിതരണം നടത്തി. ശ്രീജിത്ത് കാരായി,മണികണ്ഠന്‍,അനന്തന്‍,പ്രജീഷ്‌, പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗതാഗതം പുനസ്ഥാപിച്ചു

കൊട്ടിയൂര്‍: പാല്‍ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപം റോഡരികിലെ മരം കടപുഴകി റോഡിലേക്ക് വീണാണ് ഗതാഗതം തടസപ്പെട്ടത്. പേരാവൂര്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ശ്രീനാരായണ ഗുരു ജയന്തി ദിനം

മണത്തണ: 6406-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ദിനം ആഘോഷിച്ചു. എം.ജി മന്മഥന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.പി രാജന്‍, മന്മഥന്‍ മുണ്ടപ്ലാക്കല്‍, ഹരിദാസന്‍, ഗോപാല കൃഷ്ണന്‍, ഗംഗാധരന്‍, സിന്ധു, ബിജു, രാജു പെരുമന, സുരേഷ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനവും തൈര് വില്‍പ്പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്.

ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.

കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി അറിയിച്ചു.

ഓണക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ ഓണ സമ്മാനമായി നാലരക്കോടി രൂപ മില്‍മ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായാണ് ഈ തുക നല്‍കുന്നത്. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2രൂപ 50 പൈസ വീതം അധിക വിലയായി നല്‍കും.

ഓണാഘോഷം സംഘടിപ്പിച്ചു

തിരുവോണപ്പുറം: റെഡ് സ്റ്റാര്‍ സ്വാശ്രയ സംഘം, തുളസി കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ലിഷ രജനീഷ് അധ്യക്ഷത വഹിച്ചു. റീന മനോഹരന്‍, കെ സന്ദീഷ് കുമാര്‍, ഇ.ജെ ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സാംസ്‌കാരിക നിലയം പണിയുന്നതിനായി പഞ്ചായത്തിന് സ്ഥലം സൗജന്യമായി നല്‍കിയ കോമത്ത് രാജേഷിനെ പി.പി വേണുഗോപാലന്‍ ആദരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.

ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും

കണിച്ചാര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ചതയദിനാഘോഷവും ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും സംഘടിപ്പിച്ചു. ശാഖയോഗം പ്രസിഡണ്ട് ജിതിഷ് പി.രാജ് പതാക ഉയര്‍ത്തി. സെക്രട്ടറി പി.റ്റി മനു, ക്ഷേത്ര മേല്‍ശാന്തി ശിവന്‍ ശാന്തി, ഇ.കെ രഞ്ചിത്ത്, ബിജു, മോഹനന്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗുരുപൂജയും, എസ്.എന്‍ വനിത സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര, കസേര കളി, മിഠായി പെറുക്കല്‍, ക്വിസ് മത്സരം, ഗുരുദേവ കൃതി ആലാപനം, വടംവലി എന്നിവയും നടന്നു.