
സ്‌കൂള്‍ മുറ്റത്തെ തണല്‍മരങ്ങള്‍ മുറിച്ച മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും നാട്ടുകാരും. കോഴിക്കോട് പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നിലെ അഞ്ച് തണല്‍ മരങ്ങളാണ് ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയത്.
പതിറ്റാണ്ടുകളായി സ്‌കൂളിന് മുന്നില്‍ തണല്‍വിരിച്ചു നിന്ന, ഒരു നാടിന്റെയാകെ കളിചിരികള്‍ക്കും ആഘോഷങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്ന തണല്‍ മരങ്ങളാണ് മുറിച്ച് മാറ്റിയത്
മരങ്ങളുടെ വേരുകള്‍ സ്‌കൂള്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മരങ്ങള്‍ മുറിച്ചു നീക്കാന്‍ മാനേജ്‌മെന്റിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി.എന്നാല്‍ പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെയും കടുത്ത എതിര്‍പ്പ് തടസമായി. തക്കം പാക്കിര്‍ത്തിരുന്ന മാനേജരും സംഘവും ക്രിസ്മസ് അവധിക്കാലത്താണ് തീരുമാനം നടപ്പാക്കിയത്. ഇക്കഴിഞ്ഞ 31ന് അര്‍ദ്ധരാത്രി മാവ് അടക്കമുളള അഞ്ച് മരങ്ങളും മുറിച്ച് നീക്കി.
1968-ല്‍ സ്‌കൂള്‍ സ്ഥാപിച്ചതു മുതല്‍ മാനേജ്‌മെന്റും നാട്ടുകാരും ഏറെ താല്‍പര്യത്തോടെ പരിപാലിച്ചുവന്ന മരങ്ങളാണ് മുറിച്ചത് എന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ഉത്തരവാദികളായവര്‍ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് നിന്ന് നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും.
19 അംഗങ്ങളുളള മേനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. ജനറല്‍ ബോഡി ചേരുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് ഈ തീരുമാനം നടപ്പാക്കിയതെന്ന് കമ്മിറ്റിയില ഒരു വിഭാഗം അംഗങ്ങളും പറയുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.














