
തൃശ്ശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരിയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. തൃശ്ശൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടക്കുക. ‘ബോംബയില്‍’ എന്ന് വിളിക്കുന്ന പ്രതിഭാസമാണ് ഫോണില്‍ ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
തുടര്‍ച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറു കൊണ്ടോ ഫോണ്‍ ചൂടാകുന്നതാണ് ബോംബയില്‍ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നത്.ബാറ്ററിയിലെ ലിഥിയം അയണ്‍ എന്നിവയ്ക്ക് സംഭവിക്കുന്ന രാസമാറ്റം ആണ് അപകടകാരണം. സെക്കന്‍ഡുകള്‍ കൊണ്ട് വാതകം വെടിയുണ്ട കണക്കെ ഫോണില്‍ നിന്ന് പുറത്തേക്ക് ചിതറുന്നതാണ് ഈ പ്രതിഭാസം. തിരുവില്വാമലയില്‍ ഫോണിന്റെ ഡിസ്പ്ലേയ്ക്കിടയിലൂടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഡിസ്പ്ലേ തകര്‍ന്നതൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ ഫോണിന് തകരാര്‍ കാണുന്നില്ല. തൃശ്ശൂര്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ ഫോണ്‍ തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കും.
2017 ലാണ് പാലക്കാട് ഷോപ്പില്‍ നിന്ന് അപകടത്തിനിടയാക്കിയ എംഐ ഫോണ്‍ വാങ്ങുന്നത്. രണ്ടുവര്‍ഷം മുമ്പ് ബാറ്ററി തകരാറായി. ഇത് മാറ്റി കിട്ടിയതും ഇതേ കടയില്‍ നിന്നാണ്. ഒരുമാസം സമയമെടുത്തു.
കേരളത്തില്‍ ഇത്തരമൊരു അപകടം ആദ്യമായതിനാല്‍ അതീവഗൗരവത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.കുന്നംകുളം എസിപി ടി എസ് സിനോജും പഴയന്നൂര്‍ ഇന്‍സ്പെക്ടര്‍ ബിന്ദു കുമാറുമാണ് അന്വേഷണ ചുമതല വഹിക്കുന്നത്. സമാനമായ രീതിയില്‍ ബോംബെയില്‍ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.














