
മുതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നിയമസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ കെ പി മോഹനന്‍ എംഎല്‍എ പറഞ്ഞു. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീടുകളില്‍ചെന്ന് ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താന്‍ ശുപാര്‍ശ നല്‍കുമെന്ന് സമിതി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗില്‍ സമിതി അംഗങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി കുഞ്ഞഹമ്മദ് കുട്ടി, ജോബ് മൈക്കിള്‍, വാഴൂര്‍ സോമന്‍ എന്നീ എംഎല്‍എമാരും പങ്കെടുത്തു. പന്ത്രണ്ടോളം നിവേദനങ്ങളും നിര്‍ദേശങ്ങളും സമിതി സ്വീകരിച്ചു.
ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗിന് ജൂണ്‍ 30 വരെ സമയം അനുവദിച്ചതായും കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ചെന്ന് മസ്റ്ററിംഗ് നടത്തുന്നായും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ധനീഷ് അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് മരുന്നുകള്‍ ആശുപത്രികള്‍ വഴി നല്‍കുന്നതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പി ജീജ അറിയിച്ചു. ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് ഇതിനായി ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക ജെറിയാട്രിക് വാര്‍ഡുകള്‍ ഇല്ലെങ്കിലും വാര്‍ഡുകളില്‍ ഏതാനും വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്യൂ ആവശ്യമില്ല. കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ജെറിയാട്രിക് വാര്‍ഡ് പ്രവര്‍ത്തിക്കുന്നതായി കോളജിന്റെ പ്രതിനിധി അറിയിച്ചു.
ജില്ലയില്‍ അഴീക്കോട്ടെ സര്‍ക്കാര്‍ വൃദ്ധസദനം, എന്‍ജിഒകള്‍ നടത്തുന്ന 64 വൃദ്ധ സദനം എന്നിവയിലായി 1517 അന്തേവാസികള്‍ ഉണ്ടെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍ പറഞ്ഞു. ഗവ. വൃദ്ധ സദനത്തില്‍ വയോ അമൃതം പദ്ധതി നടപ്പിലാക്കുന്നു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രശാന്തി സീനിയര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നതായി കണ്ണൂര്‍ സിറ്റി അഡീഷനല്‍ എസ്പി എ വി പ്രദീപ് അറിയിച്ചു. സീനിയര്‍ സിറ്റിസന്‍ നോഡല്‍ ഓഫീസറുമുണ്ട്. ഒറ്റപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്കായി റെഡ് ബട്ടന്‍ കാളിംഗ് ബെല്‍ പദ്ധതി നടപ്പിലാക്കി വരുന്നു.
കേരള സീനിയര്‍ സിറ്റിസന്‍ ഫോറം ജനറല്‍ സെക്രട്ടറി പി കുമാരന്‍, സി വി കുഞ്ഞിക്കണ്ണന്‍ (സീനിയര്‍ സിറ്റിസന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍), ടി വി രാഘവന്‍ (സീനിയര്‍ സിറ്റിസന്‍ സര്‍വീസ് കൗണ്‍സില്‍), സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ബാബു, ഫാദര്‍ സണ്ണി എന്നിവര്‍ പരാതികള്‍ ഉന്നയിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച സമിതി ആശുപത്രിയില്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. അത്യാഹിത വിഭാഗം, പുതിയ കെട്ടിടത്തിലെ പുരുഷന്‍മാരുടെ വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, എന്‍എച്ച്എം ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍ എന്നിവര്‍ സ്വീകരിച്ചു.














