
കണ്ണൂര്‍ റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബായി ഉയര്‍ത്തുന്നതിന്റെയും നവീകരിച്ച ആര്‍ പി എച്ച് ലാബിന്റെയും ഉദ്ഘാടനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു. ഇതോടെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പിളുകളുടെ പരിശോധന കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കും.
പി എം അഭിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.25 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബായി ഉയര്‍ത്തുന്നത്. ഇതോടെ കൃത്യതയോടെയും വേഗത്തിലും പരിശോധന നടത്താനാകും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ആര്‍ പി എച്ച് ലാബ് ആധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. സൈറ്റോളജി ലബോറട്ടറി പ്രവര്‍ത്തന സജ്ജമായാല്‍ വിവിധ തരത്തിലുളള കാന്‍സര്‍ നിര്‍ണ്ണയത്തിന് സഹായകമാകും.
കണ്ണൂരില്‍ 2011 ഫെബ്രുവരിയില്‍ ആരംഭിച്ച റീജിയണല്‍ ലാബില്‍ ദിനംപ്രതി 900ത്തോളം പരിശോധനകള്‍ നടത്തുന്നുണ്ട്. ബി പി എല്‍ കാര്‍ഡുള്ള രോഗികള്‍ക്ക് പരിശോധന സൗജന്യമാണ്. മറ്റുള്ളവരില്‍ നിന്നും സര്‍ക്കാര്‍ നിരക്കാണ് ഈടാക്കുന്നത്. ജീവിതശൈലീ-സാംക്രമിക രോഗങ്ങള്‍ കണ്ടെത്താനുള്ള പരിശോധന, എച്ച്ഐവി പരിശോധനയ്ക്കുള്ള എലീസ ടെസ്റ്റ്, കൊവിഡ് ആര്‍ ടി പി സി ആര്‍, കള്‍ച്ചര്‍ ആന്റ് സെന്‍സിറ്റിവിറ്റി, ന്യൂബോണ്‍ സ്‌ക്രീനിങ്ങ്, എ എം ആര്‍ സര്‍വയലന്‍സ് എന്നിവയും ഇവിടെ നടത്തുന്നുണ്ട്. പി സി ആര്‍ ലാബില്‍ കോവിഡ് പരിശോധന കൂടാതെ എലിപ്പനി നിര്‍ണയത്തിനുളള പരിശോധനയും സാധ്യമാണ്. രോഗികള്‍ക്ക് വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ഡി എം ഒ ഡോ. കെ നാരായണ നായ്ക്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍, കണ്‍സല്‍ട്ടന്റ് ഡോ. പി ലീന, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഐ കെ ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.














